കാട്ടാക്കട: മോഷണം തുടര്‍ സംഭവങ്ങളായതോടെ മാറനല്ലൂര്‍, കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. മോഷണങ്ങള്‍ തുടരുമ്പോഴും മോഷ്ടാക്കളുടെ അടുത്തെത്താന്‍ പോലും പൊലീസിനാകുന്നില്ല. മോഷണം നടന്ന ശേഷം പൊലീസ് എത്തി തെളിവുകള്‍ ശേഖരിക്കുന്നതല്ലാതെ പിന്നീടൊന്നും നടക്കുന്നില്ല. കാട്ടാക്കട കട്ടയ്ക്കോട് കൊറ്റംകുഴി തൊഴുക്കൽകോണം ഷൈൻ കുമാറിന്‍റെ വീട്ടില്‍ ക്രിസ്തുമസ് തലേന്ന് രാത്രി വീട്ടുകാര്‍ പള്ളിയിൽ പോയ തക്കത്തിന് വീട് കുത്തിത്തുറന്ന് 71 പവനോളം സ്വർണാഭരണങ്ങള്‍ കവര്‍ന്നതാണ് ഒടുവിലത്തേത്.
കിടപ്പുമുറിയിലെ അലമാര ഉൾപ്പെടെ കുത്തിത്തുറന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ബ്രേസ്‌ലെറ്റ്, വള, മോതിരം, നെക്ലസ് ഉൾപ്പെടെ 71 ലധികം പവന്‍ സ്വർണാഭരണങ്ങള്‍ കൊണ്ടുപോയത്. നാല് മാസം മുന്‍പ് കിള്ളി പെരുംകുളം മുതയില്‍ രശ്മിയില്‍ വ്യാപാരിയായ എസ്.ബി.സുനിലിന്‍റെ വീടിന്‍റെ പിന്‍വാതിൽ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി ഏഴ് പവന്‍ സ്വർണാഭരണങ്ങളും, അറുപതിനായിരത്തിലേറെ രൂപയും കവര്‍ന്നിരുന്നു.
ഈ കേസിന് ഇതേവരെ തുമ്പുണ്ടായിട്ടില്ല. വൈകിട്ട് വീടുപൂട്ടി പുറത്തുപോയ തക്കത്തിനാണ് സുനിലിന്‍റെ വീട്ടില്‍ മോഷണം നടന്നത്. രാത്രി പതിനൊന്ന് മണിയോടെ കുടംബം വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ പിന്‍വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ടത്. മോഷണങ്ങള്‍ നടന്നശേഷം വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുന്നതൊഴിച്ചാല്‍ തുടര്‍ നടപടികളുണ്ടാകാത്തതാണ് കവര്‍ച്ച തുടർക്കഥയാക്കുന്നതെന്നാണ് ആക്ഷേപം.
കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയില്‍ നിന്നും ബസില്‍ കയറുന്നതിനിടെ തിരക്കുണ്ടാക്കി അമ്പലത്തിന്‍കാല സ്വദേശി ഗിരിജ കുമാരിയുടെ മൂന്നരപവന്‍റെ സ്വർണമാലയാണ് കവര്‍ന്നത്. മാലപൊട്ടിച്ചതറിഞ്ഞ് നിലവിളിച്ചപ്പോഴേയ്ക്കും മോഷ്ടാവ് ഓടിമറഞ്ഞു. ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും പട്ടാപകല്‍ നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
5 മാസം മുന്‍പാണ് കൊണ്ണിയൂർ നസറുദ്ദീന്റെ വീടിന്‍റെ മുൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന് കള്ളൻ കിടപ്പുമുറിയിലെ അലമാരകൾ വെട്ടിപ്പൊളിച്ച് എട്ടു ലക്ഷത്തോളം രൂപയുടെ സ്വർണം കൊണ്ടുപോയത്. നസറുദ്ദീനും കുടുംബവും മകളുടെ ചികിത്സക്കായി ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു മോഷണം. പൂവച്ചൽ വഴുതനമുകൾ സുവിൻ സുകുമാരന്റെവീട്ടിൽ നിന്നും സ്വർണ വളകളും കമ്മലുകളും 10 കുഞ്ഞു മോതിരങ്ങളും ഒരു ബ്രേസ്‌ലെറ്റും കൂടെ പതിനായിരത്തോളം രൂപയും കള്ളൻ കൊണ്ടുപോയി. ഇവിടെ അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചികള്‍ തകര്‍ത്തും യാത്രക്കാരില്‍ നിന്നും ആഭരണങ്ങളും പണവും മോഷണം പതിവു സംഭവമാണ്. മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍. ഒക്ടോബറില്‍ ഒരു മാസത്തിനിടെ പത്തിടത്താണ് മോഷണം നടന്നത്. മണ്ണടിക്കോണം പാപ്പാകോട്ടുള്ള ആദിപരാശക്തി ഗണപതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് കവര്‍ച്ച നടത്തിയ പ്രതികളെ തപ്പി പോലീസ് പരക്കം പായുമ്പോള്‍ കള്ളന്‍മ്മാര്‍ പൊലീസിനെ വട്ടം ചുറ്റിച്ചും നാട്ടുകാരെ വിറപ്പിച്ചും മോഷണം തുടരുകയാണ്.
5 മാസം മുമ്പാണ് സ്‌കൂട്ടറില്‍ കറങ്ങി രണ്ട് പേര്‍ മാറനല്ലൂരില്‍ മോഷണം നടത്തിയത്. പഞ്ചായത്ത് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ബേക്കറിയും പുന്നാവൂരില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറും ചെന്നിയോടുള്ള ആളില്ലാത്ത വീടും വെളിയംകോട് പ്രവര്‍ത്തിക്കുന്ന രണ്ട് കടകളിലുമാണ് മോഷണം നടത്തിയത്. ഇതില്‍ മാവേലി സ്‌റ്റോറില്‍ നിന്ന് 18000 രൂപയും, ചെന്നിയോട്ടെ വീട്ടില്‍ നിന്ന് വിവാഹ സാരിയും രണ്ട് പവന്‍ മാലയും മോഷ്ടിച്ചിരുന്നു.
കൂവളശേരിയിൽ ആളില്ലാത്ത വീടുകളിലാണ് ഒരേ ദിവസം മോഷണം നടന്നത്. പുറകിലത്തെ വാതില്‍ പോളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. അകത്ത് കയറുന്ന മോഷ്ടാക്കള്‍ മുന്‍ വശത്തുളള വാതില്‍ അകത്ത് നിന്ന് പൂട്ടിയശേഷമാണ് മോഷണം നടത്തുന്നത്. വീട് തുറക്കാനെത്തിയ വീട്ടുടമ മുന്‍ വശത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തത് കാരണം പുറകുവശത്ത് കൂടി പോയി നോക്കിയപ്പോഴാണ് വാതില്‍ കുത്തി പൊളിച്ച് മോഷണം നടന്നെന്ന് അറിയുന്നത്. വീട് പൂട്ടി ഓണാഘോഷം കാണാന്‍ പോയ മേലാരിയോട് സ്വദേശിയുടെ വീട് കുത്തി തുറന്ന് 13 പവനാണ് മോഷ്ടിച്ചത്.
രാത്രി എട്ട് മണിയോടുകൂടി ഓണാഘോഷം കണ്ട് മടങ്ങിയെത്തിയ വീട്ടുകാര്‍ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പുറക് വശത്തെ വാതിലില്‍ നോക്കിയപ്പോഴാണ് വാതില്‍ പൊളിച്ച നിലയിലും അലമാരയില്‍ സൂക്ഷിച്ച 13 പവൻ നഷ്ടപ്പെട്ടതായും അറിയുന്നത്. ഇവര്‍ മാറനല്ലൂര്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് വിരലടയാള വിദഗ്ദര്‍ ഉള്‍പ്പടെ പരിശോധന നടത്തിയെങ്കിലും പ്രതികളെ കുറിച്ചുള്ള ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ചെറിയ മോഷണങ്ങള്‍ മിക്കതും പരാതികളില്ലാതാകുകയും വാര്‍ത്തകളിൽ ഇടംപിടിക്കാതായതോടും കൂടി ഇത്തരം സംഭവങ്ങളൊന്നും പുറത്തറിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.