പാലോട്: പെരിങ്ങമ്മല പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ കൊന്നുതുടങ്ങി. കഴിഞ്ഞ ഒറ്റ രാത്രികൊണ്ട് 12പന്നികളെയാണ് വെടിവച്ചുകൊന്നത്. പുതുതായി അധികാരത്തിലേറിയ യു.ഡി.എഫ് ഭരണസമിതി ആദ്യം ഒപ്പുവെച്ചത് കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവായിരുന്നു.
പഞ്ചായത്തിലെ കൊല്ലരുകോണം, ഞാറനീലി, പൊട്ടന്‍കുന്ന്, പെരിങ്ങമ്മല, കട്ടയ്ക്കാല്‍ പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം കാട്ടുപന്നികളെ കൊന്നത്. ഇതിനായി പഞ്ചായത്ത് മൂന്ന് ഷൂട്ടര്‍മാരെ നിയമിച്ചു. നേരത്തെ 53 പന്നികളെ പഞ്ചായത്തില്‍ വെടിവച്ചുകൊന്നിരുന്നു. എങ്കിലും കാട്ടുപന്നിശല്യം ഇപ്പോഴും രൂക്ഷമാണ്. കര്‍ഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് പന്നിക്കൂട്ടം നശിപ്പിക്കുന്നത്. കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് രേഖാമൂലം പഞ്ചായത്തില്‍ അറിയിച്ചാല്‍ ഷൂട്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താം.
കൊല്ലുന്ന പന്നികളെ അതത് പ്രദേശങ്ങളില്‍തന്നെ കുഴിച്ചുമൂടണമെന്നാണ് വനം വകുപ്പിന്റെ നിർദേശം. ചില സ്ഥലങ്ങളില്‍ പന്നിയെ കുഴിച്ചിടുന്നതിനെച്ചൊല്ലി തര്‍ക്കം ഉയര്‍ന്നിരുന്നു. കുഴിച്ചിടാന്‍ സ്ഥലം കിട്ടാത്ത പ്രദേശങ്ങളില്‍ പന്നിയെ വെടിവെക്കാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വരും ദിവസങ്ങളിലും ദൗത്യം തുടരുമെന്ന് പ്രസിഡന്റ് പി.എന്‍. അരുണ്‍കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.