തിരുവനന്തപുരം: ചെറുകിട ജലവൈദ്യുതി പദ്ധതികൾ വേഗത്തിലാക്കാൻ വൈദ്യുതി ബോർഡ് നടപടി തുടങ്ങി. 12ഓളം പദ്ധതികളുടെ നിർമാണം ഉടൻ ആരംഭിക്കും. പുതിയ നിരവധി പദ്ധതികളുടെ രൂപരേഖയും തയാറായി. സ്വകാര്യ പങ്കാളിത്തത്തോടെ ചെറുകിട പദ്ധതികൾ നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി നടത്തിയ സംരംഭകരുടെ സംഗമത്തിൽ നിരവധിപേർ പദ്ധതികളോട് താൽപര്യം പ്രകടിപ്പിച്ചിരുന്നു. പുറത്തുനിന്നെത്തിക്കുന്ന വൈദ്യുതികൊണ്ടാണ് നിലവിൽ സംസ്ഥാനം ആവശ്യം നിറവേറ്റുന്നത്. വിലകൂടിയ വൈദ്യുതി വാങ്ങുന്നതിന്‍റെ അളവ് ചെറുകിട പദ്ധതികൾവഴി കുറക്കാനാകും. പള്ളിവാസൽ വിപുലീകരണ പദ്ധതി, പെരിങ്ങൽകുത്ത് ചെറുകിട പദ്ധതി, ചിന്നാർ, തൊട്ടിയാർ, ഭൂതത്താൻകെട്ട്, ചെങ്കുളം ഓഗ്മെന്റേഷൻ, പെരുവണ്ണാമൂഴി, പഴശിസാഗർ, മാങ്കുളം പദ്ധതികളുടെ നിർമാണം ഉടൻ ആരംഭിക്കും. ആനക്കയം പദ്ധതിയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. 7.5 മെഗാവാട്ടിന്‍റേതാണ് പദ്ധതി. മരിപ്പുഴയുടെ കരാർ അന്തിമഘട്ടത്തിലാണ്. ഓലിക്കൽ, പൂവാരംതോട് എന്നിവയുടെ സിവിൽ ജോലികൾ റീടെൻഡർ ചെയ്യും. അപ്പർ ചെങ്കുളം, പീച്ചാട്, വെസ്റ്റേൺ കല്ലാർ, ലാഡ്രം, കീരിത്തോട്, മാർമല, ചെമ്പുകടവ് മൂന്ന്, ചാത്തൻകോട്ടുനട ഒന്ന്, പശുക്കടവ്, വളാംതോട്, ദേവിയാർ എന്നീ പുതിയ ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ വൈകാതെ തുടർനടപടിയെടുക്കും. സ്വകാര്യ സംരംഭകർ വഴി ചെറുകിട പദ്ധതികൾ വ്യാപകമായി നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി. എനർജി മാനേജ്മെന്റ് സെന്‍റർ, ചെറുകിട ജല വൈദ്യുതി പ്രമോഷൻ കൗൺസിൽ എന്നിവ വഴി ടെണ്ടറുകൾ ക്ഷണിക്കും. സർക്കാർ അനുമതി ലഭിച്ചശേഷമാകും സംരംഭകരെ തെരഞ്ഞെടുക്കൽ. കനാലുകളിലെ ഒഴുക്ക് ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദനത്തിനും കെ.എസ്.ഇ.ബി തയാറെടുക്കുകയാണ്. ഹൈഡ്രോ കൈനറ്റിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത്. മൈക്രോ ഹൈഡ്രോ, മൈക്രോ വിൻഡ്, ഹൈബ്രിഡ് പവർ പദ്ധതികളുടെ സാധ്യത പഠനം നടത്തും. പാലക്കാട് ചിറ്റൂർപ്പുഴ ജലസേചന പദ്ധിയുടെ മൂലത്തറ ഇടതുകര കനാലിലും ഇടുക്കി ലോവർപെരിയാറിലെ ടെയിൽ റെയിസിലും 25 കിലോവാട്ട് വീതം വൈദ്യുതി ഉൽപാദിപ്പിക്കുന്ന പൈലറ്റ് പദ്ധതി നടപ്പാക്കും. ഇത് വിജയിച്ചാൽ മൂലത്തറ ഇടതുകര കനാലിലെ ഉൽപാദനം മൂന്ന് മെഗാവാട്ടായി ഉയർത്താനാകും. ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സൗരോർജ പദ്ധതികളും നിലവിൽവരും. ഇ. ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.