വർക്കലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിച്ചു

വർക്കല: റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. അക്രമികൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് സൂചന. ഉത്സവസ്ഥലത്തെ വാക്കുതർക്കങ്ങളാണ് സംഘർഷത്തിലേക്കും അക്രമത്തിലേക്കും എത്തിപ്പെട്ടതെന്നാണ് പൊലീസ് വൃത്തങ്ങളിൽനിന്ന്​ ലഭിക്കുന്ന വിവരം. തലശ്ശേരി ചൊക്ലി സ്വദേശിയും ഇപ്പോൾ വർക്കലക്കടുത്ത് ഞെക്കാട്ട് വാടകക്ക്​ താമസിക്കുന്ന സജീവിന്റെ കാറാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രിയിൽ കരുനിലക്കോട് പൊയ്കയിൽ ഭാഗത്താണ് അത്യാഹിതം നടന്നത്. ഞായറാഴ്ച കരുനിലക്കോട് ക്ഷേത്രത്തിൽ ഉത്സവമുണ്ടായിരുന്നു. ഗാനമേള കേൾക്കാനായി കാറുടമയായ സജീവും ഞെക്കാട്ടുള്ള സുഹൃത്തായ സിനുവുമൊത്ത് എത്തി. ഗാനമേള നടക്കുമ്പോൾ ഉത്സവപ്പറമ്പിലെ കാണികൾ ആവേശം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായത്രെ. തർക്കത്തിൽ ഇവരും ഉൾപ്പെട്ടിരുന്നു. ഇതിനിടെ മടങ്ങിപ്പോകാനായി ഇവർ കാറിനരികിലെത്തിയപ്പോൾ കാറെടുക്കാനാകാത്തവിധം മുന്നിൽ പാർക്ക് ചെയ്തിരുന്നതായി കണ്ടു. തുടർന്ന്​ ബൈക്കിന്റെ ഉടമസ്ഥനുമായും വാക്കേറ്റമുണ്ടായി. വാക്കേറ്റം കൈയാങ്കളിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാർ ഇടപെട്ട് രണ്ടു സംഘങ്ങളെയും പിരിച്ചുവിട്ടു. സജീവും സുഹൃത്തും കാറിൽ മടങ്ങവെ അടുത്ത ജങ്ഷനായ മാവിളയിലും നേരത്തേ ഏറ്റുമുട്ടിയ സംഘവുമായി വീണ്ടും സംഘർഷമുണ്ടായി. അതിനുശേഷം സജീവും സംഘവും കരുനിലക്കോട് പൊയ്കയിൽ ഭാഗത്തും ആക്രമിക്കപ്പെട്ടു. ആക്രമണത്തിൽ സജീവിന് പരിക്കേൽക്കുകയും ചെയ്തു. അതിനുശേഷമാണ് ഇവിടെവെച്ച് സജീവിന്റെ കാർ അഗ്​നിക്കിരയായത്. സംഭവത്തെതുടർന്ന് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണവും തെളിവെടുപ്പും നടത്തി. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നുമെന്നും അന്വേഷണം ഊർജിതമാണെന്നും വർക്കല ഡിവൈ.എസ്.പി നിയാസ്.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.