തിരുവനന്തപുരം: പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ് നൽകാനുള്ള പണം കിട്ടാതെ കർഷകർ ദുരിതത്തിൽ. ആറുമാസത്തെ കുടിശ്ശികയായി നാലുകോടിയോളം രൂപ കർഷകർക്ക് കിട്ടാനുണ്ട്. കോവിഡ് കാലത്ത് കൃഷി ചെയ്ത് ഹോർട്ടികോർപ്പിന് ആദായംനൽകിയ കർഷകരാണ് ദുരിതത്തിലായത്. സാമ്പത്തിക പ്രതിസന്ധിയാണ് കുടിശ്ശികക്ക് കാരണമായി ഹോർട്ടികോർപ് പറയുന്നത്. വായ്പയെടുത്തും കടം വാങ്ങിയുമാണ് പല കർഷകരും കൃഷി ചെയ്തത്. പണം കിട്ടാതായതോടെ കർഷകരുടെ ബാങ്ക്വായ്പ തിരിച്ചടവും മുടങ്ങി. ഒരു ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ കുടിശ്ശികയുള്ളവരുണ്ട്. 2017 മുതൽ സംഭരിച്ച മുഴുവൻ തുകയിൽ ഇനിയും ബാക്കിയുണ്ടെന്ന് ഇടുക്കിയിലെ വട്ടവട, കാന്തല്ലൂർ മേഖലകളിലെ കർഷകർ പറയുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, ഹോർട്ടികോർപ് എന്നിവ മുഖേന ശീതകാല പച്ചക്കറി സംഭരിച്ച വകയിൽ കർഷകർക്കും കാന്തല്ലൂർ ശീതകാല പച്ചക്കറി വിപണനസംഘത്തിനുമായി 40 ലക്ഷം രൂപയാണ് കുടിശ്ശിക. ഹോർട്ടികോർപ് പണം നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും പരാതി നൽകിയിട്ടും അവഗണിച്ചെന്നും അവർ ആരോപിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയിലെ കർഷകർക്കും ആഗസ്റ്റ് മുതലുള്ള കുടിശ്ശിക കിട്ടാനുണ്ട്. എത്രയുംവേഗം കുടിശ്ശിക തീർക്കുമെന്നാണ് കൃഷിമന്ത്രി കഴിഞ്ഞദിവസങ്ങളിൽ നൽകിയ ഉറപ്പ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാനകാരണമെന്നാണ് ഹോർട്ടികോർപ് ചൂണ്ടിക്കാട്ടുന്നത്. പച്ചക്കറി വില ഉയർന്നപ്പോൾ ഉണ്ടായിരുന്ന പണം മുഴുവൻ വില പിടിച്ചുനിർത്താൻ വിപണി ഇടപെടലിനായി ഉപയോഗിച്ചതായി അവർ പറയുന്നു. ആകെയുണ്ടായിരുന്ന ആറുകോടിയിൽ അടുത്തിടെ രണ്ടുകോടിയോളം നൽകിയെന്നും നാല് കോടിയാണ് ശേഷിക്കുന്നതെന്നും ഹോർട്ടികോർപ് എം.ഡി വി. സജീവ് 'മാധ്യമ'ത്തോട് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് 17 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാണ് കൃഷിവകുപ്പ് സർക്കാറിനോട് ആവശ്യപ്പെടുന്നത്. കാർഷിക മൊത്തവിപണിയിൽ കർഷകർ എത്തിക്കുന്ന പച്ചക്കറി അടിസ്ഥാനവിലയനുസരിച്ച് ലേലം വിളിക്കുകയാണ് പതിവ്. കച്ചവടക്കാർ ലേലം ഉറപ്പിച്ച് സാധനങ്ങൾ എടുത്തശേഷം അപ്പോൾതന്നെ പണം നൽകും. ലേലത്തിനുശേഷം ബാക്കിവരുന്ന പച്ചക്കറികൾ ഹോർട്ടികോർപ്പാണ് ഏറ്റെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.