കാതോലിക്ക ബാവ ശിവഗിരിയിൽ വിരുന്നും സ്വീകരണവുമൊരുക്കി സന്യാസിമാർ

വർക്കല: മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ശിവഗിരി മഠത്തിൽ ഊഷ്മള സ്വീകരണം. ഓർത്തഡോക്സ് സഭയുടെ കാതോലിക്കയായി സ്ഥാനമേറ്റ വലിയ പിതാവിനോടുള്ള ആദരസൂചകമായാണ് ശിവഗിരി മഠം വിരുന്നും സ്വീകരണവുമൊരുക്കിയത്. വ്യാഴാഴ്ച രാവിലെ ശിവഗിരി മഠത്തിലെത്തിയ കാതോലിക്ക ബാവയെ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദയും പൊന്നാട അണിയിച്ച്​ സ്വീകരിച്ചു. കാതോലിക്ക ബാവ സ്വാമിമാർക്കായി ഒമ്പത് ഇനം പഴങ്ങൾ അടങ്ങിയ പഴക്കൂടയുമായാണ് എത്തിയത്. വർഗീയ ധ്രുവീകരണങ്ങൾ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ ഗുരുവിന്റെ വചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാതോലിക്ക ബാവ പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ശിവഗിരി മഠം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ബാവ അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരു സമാധി മണ്ഡപം സന്ദർശിച്ച്​ കാതോലിക്ക ബാവ പുഷ്പാർച്ചനയും നടത്തി. വർഷങ്ങളായി സമർപ്പിത സേവനം ചെയ്യുന്ന കാതോലിക്ക ബാവയുടെ പ്രവർത്തങ്ങളെ ശിവഗിരി മഠം അനുമോദിച്ചു. പുതിയ സ്ഥാനലബ്ധിയോടെ നിരാലംബർക്ക്​ കൂടുതൽ പ്രയോജനം ലഭിക്കാനുള്ള അവസരം ഒരുങ്ങുകയാണെന്നും മഠം ഭാരവാഹികൾ പറഞ്ഞു. ആദ്യമായാണ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ശിവഗിരി മഠം സന്ദർശിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും കെയർ ആൻഡ്​ ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും സഭാ മാനേജിങ് കമ്മിറ്റി അംഗവും എം.ജി.എം ഗ്രൂപ്​ ചെയർമാനുമായ ഗീവർഗീസ് യോഹന്നാനും കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.