കുത്തിയോട്ട വ്രതാരംഭം ഇന്ന്; ഭക്തജനത്തിരക്കിലമർന്ന്​ ആറ്റുകാൽ

തിരുവനന്തപുരം: കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങോടെ ബുധനാഴ്ച പൊങ്കാല മഹോത്സവത്തിന്​ തുടക്കംകുറിച്ച ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. ക്ഷേത്രത്തിലെ പ്രധാന നേര്‍ച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതാരംഭം വെള്ളിയാഴ്ച ആരംഭിക്കും. ദേവിയെ കുടിയിരുത്തി മൂന്നാം നാളാണ് വ്രതം തുടങ്ങുന്നത്. 12 വയസ്സിന് താഴെയുള്ള ബാലന്മാര്‍ക്കാണ് കുത്തിയോട്ടം നടത്തിയിരുന്നത്. മുമ്പ്​ ആയിരത്തിലധികം ബാലന്മാര്‍ കുത്തിയോട്ടത്തിനായി ക്ഷേത്രത്തില്‍ താമസിച്ച് വ്രതം നോറ്റിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വർഷം ഒരു കുട്ടിക്ക് മാത്രമായി പണ്ടാര ഓട്ടമാണ് നടത്തിയത്. ഇക്കൊല്ലവും ഒരു കുട്ടി മാത്രമാണ് ദേവസ്വത്തിന്‍റെ നേതൃത്വത്തില്‍ വ്രതം നോല്‍ക്കുന്നത്. ഈ ബാലൻ പൊങ്കാല ദിവസമായ 17ന്​ രാത്രി നടക്കുന്ന ദേവിയെ പുറത്തെഴുന്നള്ളിപ്പ്​ ചടങ്ങിനെ അനുഗമിക്കും. ക്ഷേത്രത്തിനു​ മുന്നിൽ ഒരുക്കിയ പച്ചപ്പന്തലില്‍ ദേവിയുടെ വിവാഹത്തിന്‍റെ ഒരുക്കങ്ങളെക്കുറിച്ചാണ് വ്യാഴാഴ്ച തോറ്റംപാട്ടിൽ പാടിയത്. കോവലനും കണ്ണകിയും തമ്മിലുള്ള വിവാഹത്തിന്‍റെ വര്‍ണനയാണ് വെള്ളിയാഴ്ച പാടുന്നത്. ബുധനാഴ്ച രാത്രി മുതല്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് വിളക്കുകെട്ടുകള്‍ ക്ഷേത്രങ്ങളിലേക്ക്​ എഴുന്നള്ളിച്ചുതുടങ്ങി. വരുംദിവസങ്ങളില്‍ ഇവയുടെ എണ്ണം വര്‍ധിക്കും. രാത്രി 12നുള്ള ദീപാരാധനക്കുശേഷം ക്ഷേത്രവളപ്പില്‍ വിളക്കുകെട്ടുകള്‍ ഏന്തിയുള്ള എഴുന്നള്ളത്ത് കാണാനും ഭക്തജനത്തിരക്കുണ്ട്. അംബാ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന പ്രസാദ ഊട്ടില്‍ നിരവധി ഭക്തരാണ് പങ്കെടുക്കുന്നത്. കോവിഡ്​ സാഹചര്യത്തിൽ മൂന്ന്​ വേദികളിലായി ക്ഷേത്രകലകളാണ് ഇക്കുറി അവതരിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.