​്ഗ്രാമീണമേഖലയിൽ കോവിഡ്​ രോഗികൾ കൂടുന്നു

കാട്ടാക്കട: ഗ്രാമങ്ങൾ ഒാണത്തിരക്കിലേക്ക്​ മാറിയതിനൊപ്പം വിവിധ പ്രദേശങ്ങളിൽ കോവിഡ്​ രോഗികളുടെ എണ്ണവും വർധിക്കുന്നു. കാട്ടാക്കട, കള്ളിക്കാട്, പൂവച്ചൽ, കുറ്റിച്ചൽ, ആര്യനാട്, മാറനല്ലൂര്‍ പഞ്ചായത്തുകളിലായി 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കടയിൽ ആമച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിൽ 52 പേരുടെ പരിശോധന നടത്തിയപ്പോഴാണ് 12 പേർക്ക് പോസിറ്റിവ് ആയത്. കുരുതംകോട് വാർഡിൽ മൂന്നുപേർക്കും അമ്പലത്തിൻകാലയിൽ നാലുപേർക്കും, കാവിൻപുറം, കുളത്തുമ്മൽ, എട്ടിരുത്തി, ചെട്ടിക്കോണം, കാനക്കോട് വാർഡുകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടാക്കടയിലെ സ്വകാര്യ ബാർ ഹോട്ടലിൽ കോവിഡ് പോസിറ്റിവ് ആയി നിരീക്ഷണത്തിലായിരുന്ന രണ്ടുപേരുടെയും പരിശോധനഫലം നെഗറ്റിവായി. ഇവിടെ എല്ലാ തൊഴിലാളികളെയും സ്രവ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റിവ് ആയതിനാൽ ഹോട്ടൽ തുറന്നുപ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയതായി മാനേജ്‌മൻെറ് അറിയിച്ചു. ഹോട്ടലും അണുമുക്തമാക്കി. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിയിൽ 50 പേരുടെ പരിശോധന നടത്തിയപ്പോൾ ഒമ്പത് പേരുടെ ഫലം പോസിറ്റിവായി. ഉണ്ടപ്പാറയിൽ നാല്, കാപ്പിക്കാട് മൂന്ന്, ചാമവിള, മുണ്ടുകോണം എന്നിവിടങ്ങളിലായി ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. പൂവച്ചലിൽ വ്യാഴാഴ്ചയാണ് അടുത്ത 50 പേരുടെ പരിശോധന നടക്കുക. കള്ളിക്കാട് പഞ്ചായത്തിൽ നടന്ന 48 പേരുടെ കോവിഡ് പരിശോധനയിൽ വാവോട് വാർഡിലെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. കുറ്റിച്ചൽ പഞ്ചായത്തിൽ 20 പേരുടെ പരിശോധനയാണ് പരുത്തിപ്പള്ളി ആശുപത്രിയിൽ നടന്നത്. തച്ചൻകോട് , പേങ്ങാട് പ്രദേശത്ത് മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. ആര്യനാട് ഇന്നലെ പരിശോധനയില്ലായിരുന്നു. മാറനല്ലൂരില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പഞ്ചായത്ത് പ്രതിനിധി ഉള്‍പ്പെ​െടയുള്ളവര്‍ രോഗമുക്തി നേടി വീട്ടിലെത്തി. സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം കാട്ടാക്കട: കാട്ടാക്കട തുടങ്ങിയ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി പി. തിലോത്തമൻ വിഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എസ്.എസ്. അജിതകുമാരി, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. അജിത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.