ചക്കപ്പഴവും പെട്ടിത്തേനും വെച്ച് കാത്തിരുന്നിട്ടും കരടി വന്നില്ല

(ചിത്രം) കടയ്ക്കൽ: ചക്കപ്പഴവും പെട്ടിത്തേനും കൂടിനുള്ളിൽ വെച്ച് കാത്തിരുന്നിട്ടും കരടി വന്നില്ല. കടയ്ക്കലിൽ ജനവാസമേഖലയിൽ ഇറങ്ങി പരിഭ്രാന്തി പരത്തിയ കരടിയെ പിടികൂടാനുള്ള ശ്രമങ്ങളാണ് പരാജയപ്പെടുന്നത്. ഞായറാഴ്ചയാണ്‌ ആനപ്പാറ കാട്ടുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ നാട്ടുകാരായ ചിലർ കരടിയെ കണ്ടത്. ക്ഷേത്രത്തിനു പിന്നിലായി അഞ്ചേക്കറോളം കാടുപിടിച്ച് പാറക്കെട്ടുകൾ നിറഞ്ഞുകിടക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫോറസ്​റ്റ്​ അധികൃതരും തിരച്ചിൽ നടത്തി. ഇതിനിടെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കരടി പുറത്തുചാടി സമീപത്തെ പുരയിടങ്ങൾ വഴി ജനവാസ മേഖലയിലൂടെ ഓടി. നാട്ടുകാരും അധികൃതരും പിന്നാലെയും. ആനപ്പാറ സുഭാഷ് മെമ്മോറിയൽ ഗ്രന്ഥശാലക്ക്​ സമീപമെത്തിയ ശേഷം ക്ഷേത്രത്തിനു സമീപത്ത​ു കൂടി വീണ്ടും ഓടി കുറ്റിക്കാട്ടിൽ കയറി ഒളിച്ചു. കണ്ടെയ്​ൻമൻെറ് സോണിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നാട്ടുകാർ കൂട്ടംകൂടിയതും അധികൃതർക്ക് തലവേദനയായി. വിവരമറിഞ്ഞ് വാഹനങ്ങളിൽ നൂറുകണക്കിനു പേരാണ് കാട്ടുകുളങ്ങരയെത്തിയത്. കടയ്ക്കൽ ചന്തമുക്കിൽ നിന്ന്​ ഒരു കിലോമീറ്റർ ദൂരമേ ഈപ്രദേശത്തേക്കുള്ളൂ. കരടിയെ കുടുക്കുന്നതിനായി വനം വകുപ്പ് അധികൃതർ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ട് തന്നെ കൂട്സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ചയും കരടി കൂട്ടിനുള്ളിലകപ്പെട്ടില്ലെങ്കിൽ മയക്കുവെടി വെച്ച് പിടിക്കാനാണ് വനം വകുപ്പി​ൻെറ തീരുമാനം. കോവിഡ് വ്യാപനം വർധിച്ചതിനാൽ ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ്​ സോണാക്കിയ കടയ്​ക്കലിൽ കരടി ഇറങ്ങിയത് പരിഭ്രാന്തി വർധിപ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ കാടിറങ്ങുന്നു കടയ്ക്കൽ: വനാതിർത്തികളിലെ പ്രധാന പാതകളടക്കം വിജനമായതോടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലാണ് വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് പതിവായത്. കഴിഞ്ഞ ദിവസം കടയ്ക്കൽ ടൗണിൽ കരടിയിറങ്ങിയതാണ് ഒടുവിലത്തെ സംഭവം. മടത്തറ മേഖലയിലെ കാട്ടിൽ നിന്നാണ് 15 കിലോമീറ്ററോളം ദൂരത്തിലേക്ക് കരടി എത്തിയത്. ടൗൺ മേഖലയിൽ കരടിയിറങ്ങിയത് പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. കരടിയെ പിടികൂടാൻ വനം വകുപ്പ് ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. 100 കിലോയിലധികം ഭാരമുള്ള കരടിയെയാണ് കടയ്ക്കലിൽ കണ്ടത്. ആഴ്ചകൾക്കുമുമ്പ് മടത്തറയിലും തലവരമ്പിലും കരടിയെ കണ്ടിരുന്നു. കരടിയും കാട്ടുപോത്തുമടക്കമുള്ള മൃഗങ്ങൾ കാടിറങ്ങുന്നത് വനപാതകൾ വിജനമായതോടെയാണെന്നാണ് ഫോറസ്​റ്റ്​ അധികൃതർ പറയുന്നത്. കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളെല്ലാം കണ്ടെയ്ൻമൻെറ്​ സോണായതോടെ ഇടറോഡുകളടക്കം വിജനമാണ്. തിരുവനന്തപുരം - ചെങ്കോട്ട റോഡിലും തിരക്ക് കുറവാണ്. ശബ്​ദം കുറവായതും തേനടക്കമുള്ള വിഭവങ്ങൾ തേടി ഇറങ്ങുന്നതുമാണ് ജനവാസ മേഖലയിൽ വന്യമൃഗ സാന്നിധ്യത്തിന് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.