കോവിഡ​്​​ തെരഞ്ഞെടുപ്പ്​: മുൻഗണനകൾ കുഴഞ്ഞുമറിഞ്ഞ്​ തദ്ദേശസ്ഥാപനങ്ങൾ

കെ.എസ്​. ശ്രീജിത്ത്​ തിരുവനന്തപുരം: കോവിഡ്​ അടച്ചുപൂട്ടലിൽ പ്രാദേശിക സമ്പദ്​വ്യവസ്ഥ നിശ്ചലമാകുകയും തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങുകയും ചെയ്​തതോടെ കുഴഞ്ഞുമറിഞ്ഞ്​ തദ്ദേശസ്ഥാപനങ്ങൾ. പദ്ധതികൾ പാസാക്കിയതിന്​ പിന്നാലെ, കേന്ദ്ര ധനകാര്യ കമീഷ​ൻെറ ഗ്രാൻറ്​ വരികയും കോവിഡ്​ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാരവും കൂടിയായതോടെ നേരത്തേ നിശ്ചയിച്ച മുൻഗണനാ പദ്ധതികളിലടക്കം മാറ്റം വരുത്താൻ നിർബന്ധിതമായിരിക്കുകയാണ്​. ഉൽപാദനമേഖലക്ക്​ ഉൗന്നൽ നൽകി പദ്ധതികൾ അംഗീകരിച്ച്​ മുന്നോട്ടുപോകാനാണ്​ സർക്കാർ നിർദേശം.​ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​​ ഭൂരിഭാഗവും റോഡ്​ അടക്കം മരാമത്ത്​ പദ്ധതികൾക്കാണ്​ കൂടുതൽ വിഹിതം നീക്കിവെച്ചത്​. പക്ഷേ, ഗ്രാൻറ് അനുവദിച്ച കേന്ദ്ര ധനകാര്യ കമീഷൻ കുടിവെള്ളം, ശുചിത്വമേഖലക്ക്​ 25 ശതമാനം തുക ചെലവഴിക്കണമെന്ന്​ നിർദേശിച്ചു. ഇതോടെ നിലവിലെ പദ്ധതികൾ അഴിച്ചുപണിയ​​ാൻ പഞ്ചായത്തുകൾ നിർബന്ധിതമായി. ഇൗ വർഷ തുക ചെലവഴിച്ചാലേ അടുത്തവർഷം മുഴുവൻ തുകയും തദ്ദേശസ്ഥാപനങ്ങൾക്ക്​ ലഭിക്കൂ. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിയും കാർഷിക പ്രവൃത്തികളുമായി മുന്നോട്ടുപോകു​േമ്പാഴുണ്ടായ ലോക്​ഡൗണും ട്രിപ്​ൾ ലോക്ഡൗണും പ്രാദേശിക ചന്തകളെ നിശ്ചലമാക്കി​. വിളവെടുപ്പ്​ കഴിയു​േമ്പാൾ​ സർക്കാർ ഇടപെട്ടില്ലെങ്കിൽ വിപണി കണ്ടെത്താനാകില്ലെന്ന ഭീഷണിയുമുണ്ട്​. കാർഷിക പദ്ധതികൾക്ക്​ മുൻഗണന നിശ്ചയിക്കാൻ കൂടേണ്ട ഗ്രാമസഭക്ക്​ കോവിഡ്​ മാർഗനിർദേശം വിലക്കായതും തിരിച്ചടിയായി. കോവിഡ്​ വ്യാപനത്തോടെ പ്രാദേശിക നടപടികളുടെ ഉത്തരവാദിത്തവും തദ്ദേശസ്ഥാപനങ്ങൾക്കായി​. മുൻഗണനാ പ്രദേശങ്ങളിൽ താൽക്കാലിക ഫ്രൻറ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററുകൾ ആരംഭിക്കണം​. ചികിത്സാസൗകര്യം, അടിസ്ഥാനസൗകര്യം ഉറപ്പുവരുത്തുക, തെർമൽ സ്​കാനർ വാങ്ങിനൽകുക തുടങ്ങിയവക്ക്​ തനത് ​ഫണ്ടിൽനിന്ന്​ തുക കണ്ടെത്താൻ പ്രയാസപ്പെടുകയാണ്​ ഭരണസമിതികൾ. കഴിഞ്ഞവർഷ പദ്ധതികൾ പൂർത്തീകരിച്ചില്ലെങ്കിൽ ഇൗ വർഷത്തെ പദ്ധതിത്തുകയിൽനിന്ന്​ വേണം തുക കണ്ടെത്താൻ. ലക്ഷ്യം​െവച്ച പുതിയ പദ്ധതികൾ മിക്കതും വെട്ടിച്ചുരുക്കുകയാണ്​ ഇതോടെ​. തെരഞ്ഞെടുപ്പ്​ നവംബറിൽ നടന്നാൽ സെപ്​റ്റംബറിലോ ഒക്​ടോബറിലോ തെരഞ്ഞെടുപ്പ്​ ചട്ടവും പ്രാബല്യത്തിൽ വരും. പിന്നെ പുതിയ പദ്ധതികൾ അംഗീകരിക്കാനോ കൂട്ടിച്ചേർക്കാനോ കഴിയില്ല. ഇത്​ തെരഞ്ഞെടുപ്പ്​ സാധ്യതക്ക്​ തിരിച്ചടിയാകുമോയെന്ന ആശങ്ക കക്ഷികൾക്കുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.