അതിഥി തൊഴിലാളികൾ നിരീക്ഷണത്തിൽ, പ്രതിക്കൊപ്പം താമസിച്ചിരുന്നവരെ വിശദമായി ചോദ്യം ചെയ്യും ലഹരിവസ്​തുക്കളുടെ ഉപയോഗവും പരിശോധിക്കുന്നു

തിരുവനന്തപുരം: കേശവദാസപുരത്ത്​ വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തെതുടർന്ന്​ ജില്ലയിലെ അതിഥി തൊഴിലാളികളുടെ നിരീക്ഷണം പൊലീസ്​ ശക്തമാക്കി. അതിഥി തൊഴിലാളികളുടെ വിശദാംശങ്ങൾ കൃത്യമായി കൈമാറാത്ത കരാറുകാർക്കെതിരെ നടപടി ഉൾപ്പെടെ സ്വീകരിക്കും. അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ കൂടുതൽ പരിശോധന നടത്തും. കൊലപാതകം നടത്തിയ പ്രതി ആദം അലി പാൻപരാഗ്​ പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചുവന്നിരുന്നതായി വ്യക്തമായിട്ടുണ്ട്​. അതിനാൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതവരുത്തും. ആദം അലി ഒറ്റക്കാണ്​ കൊല നടത്തിയതെന്നും മൃതദേഹം കിണറ്റിലിട്ടതെന്നും ആവർത്തിക്കുമ്പോഴും ഇയാൾക്കൊപ്പം താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ അഞ്ച്​ പേർക്ക്​ ഈ സംഭവത്തിൽ പങ്കുണ്ടോയെന്ന സംശയം പൊലീസ്​ തള്ളിക്കളയുന്നില്ല. നിലവിൽ ചോദ്യം ചെയ്യലിൽ തങ്ങൾക്ക്​ ഇതുമായി ബന്ധമില്ലെന്നാണ്​ അവർ മൊഴി നൽകിയിട്ടുള്ളത്​. എന്നാൽ, പൊലീസ്​ ഇക്കാര്യം വിശ്വസിച്ചിട്ടില്ല. ഇവരെ വെവ്വേറെയായി ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ്​ പൊലീസ്​ പറയുന്നത്​. തലസ്ഥാനനഗരിയിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കൊലപാതകങ്ങൾ ഉൾപ്പെടെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ്​ പൊലീസ്​ നടപടി. സിറ്റി പൊലീസ്​ കമീഷണർ ജി. സ്പർജൻകുമാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്​. കേശവദാസപുരത്തിന്​ പുറമെ മാസങ്ങൾക്ക്​ മുമ്പ്​ പേരൂർക്കടയിലും ഒരു സ്ത്രീ ഇത്തരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. വൃദ്ധയെ കൊലപ്പെടുത്തിയ പ്രതി തിരുവനന്തപുരത്തെത്തി ജോലി ചെയ്തിട്ടും ആ വിവരമൊന്നും പൊലീസിന്​ ലഭിച്ചിരുന്നില്ലെന്നതാണ്​ സത്യം. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്​. അതിനാൽ ഇത്തരം തൊഴിലാളികളുടെ വിശദാംശങ്ങൾ കൃത്യമായി ശേഖരിക്കാനാണ്​ പൊലീസ്​ തീരുമാനം. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.