തിരുവനന്തപുരം: ഡീസലിന് പണമില്ലാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ ആസൂത്രണമില്ലാത്ത തീരുമാനങ്ങളിൽ കെ.എസ്.ആർ.ടി.സിക്ക് ലക്ഷങ്ങളുടെ പാഴ്ച്ചെലവ്. സിറ്റി സർക്കുലർ എന്ന പേരിൽ തലസ്ഥാനത്ത് തുടങ്ങിയ പ്രത്യേക സർവിസുകൾക്കായി പെയിന്‍റടിച്ചും സീറ്റ് ഇളക്കിമാറ്റിയും 69 ഓളം ബസ് രൂപമാറ്റം വരുത്തിയിരുന്നു. ഒരു ബസിന് പ്രത്യേക രീതിയിൽ നിറം നൽകുന്നതിനും സീറ്റ് ഇളക്കിമാറ്റി പ്രത്യേകം രീതിയിൽ വിന്യസിക്കുന്നതിനും 1.40 ലക്ഷം രൂപയാണ് ചെലവാക്കിയത്. സ്വിഫ്റ്റ് പുതുതായി വാങ്ങിയ ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിനായി വിട്ടുകിട്ടിയ സാഹചര്യത്തിൽ മാസങ്ങൾക്ക് മുമ്പ് രൂപമാറ്റം വരുത്തിയവയിൽ 39 എണ്ണം തിരിച്ച് പഴയപോലെ സീറ്റ് ഘടിപ്പിച്ച് സിറ്റി ഷട്ടിലിന്‍റെ പെയിന്‍റ് പാറ്റേണിലേക്ക് മാറ്റാനാണ് പുതിയ തീരുമാനം. 39 ബസ് സിറ്റി സർക്കുലറാക്കിയതിന് 54.60 ലക്ഷം രൂപയാണ് ചെലവായത്. തിരികെ പഴയ രീതിയിലാക്കുന്നതിനും ഇത്ര തുക വേണ്ടിവരും. നിത്യചെലവുകൾക്ക് പോലും വകയില്ലാതെ പ്രതിസന്ധിയുടെ നടുക്കടലിലാണ് സ്ഥാപനമെന്ന് പറയുമ്പോഴാണ് ലക്ഷങ്ങളുടെ ഈ ദുർചെലവ്. ബസിൽ ബോർഡ് സ്ഥാപിച്ച് ചെലവ് ചുരുങ്ങിയ രീതിയിൽ സിറ്റി സർക്കുലർ നടത്താമെന്നിരിക്കെ എന്തിനാണ് ഇത്ര പണം ചെലവഴിക്കുന്നതെന്ന് അന്നേ ചോദ്യമുയർന്നിരുന്നു. ബസ് യാത്രക്കാർക്ക് തിരിച്ചറിയാൻ വേണ്ടിയാണെന്നായിരുന്നു മാനേജ്മെന്റിന്റെ മറുപടി. അന്ന് സീറ്റെല്ലാം ഇളക്കിമാറ്റിയാണ് ബസ് സിറ്റി സർക്കുലറാക്കിയത്. ഈ സീറ്റുകൾ വികാസ് ഭവൻ ഡിപ്പോയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയിൽ പലതും ഉപയോഗശൂന്യവുമായിട്ടുണ്ട്. സിറ്റി സർക്കുലറിൽ പ്രതീക്ഷിച്ച വരുമാനമില്ലെന്നതാണ് മറ്റൊരു വസ്തുത. 28,000 യാത്രക്കാർ സിറ്റി സർക്കുലറിനെ പ്രതിദിനം ആശ്രയിക്കുന്നുണ്ടെന്നാണ് ഗതാഗത വകുപ്പിന്‍റെയും കെ.എസ്.ആർ.ടി.സിയുടെയും കണക്ക്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതനുസരിച്ച് ദിവസം ടിക്കറ്റ് ഇനത്തിലെ വരുമാനം 2.80 ലക്ഷം രൂപയാണ്. 69 ബസിന് പ്രതിദിനം 3.26 ലക്ഷം രൂപയുടെ ഡീസൽ വേണം. ജീവനക്കാരുടെ ശമ്പള ഇനത്തിലെ പ്രതിദിന ചെലവ് 2.80 ലക്ഷം. ഫലത്തിൽ 5.46 ലക്ഷം ചെലവുള്ളപ്പോൾ 2.80 ലക്ഷം മാത്രമാണ് വരുമാനം. എം. ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.