മുട്ടം ഇരട്ടക്കൊല: പ്രതി അറസ്റ്റിൽ

നാഗർകോവിൽ: മുട്ടത്ത് വയോധികയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കടിയപട്ടണം സ്വദേശി അമലസുമൻ (36) ആണ് അറസ്റ്റിലായത്. മുട്ടം സെയിന്റ് ഉണ്ണിയേശു തെരുവിൽ ഈ മാസം അഞ്ചിനാണ് തെരേസമ്മാൾ, മകൾ പൗലിൻ മേരി എന്നിവരെ കൊലപ്പെടുത്തിയത്. പൗലിൻ മേരിയുടെ വീട്ടിൽ തയ്യൽ ക്ലാസിൽ പങ്കെടുത്തിരുന്ന കുട്ടികളോട് അമലസുമൻ അപമര്യാദയായി പെരുമാറിയിരുന്നു. സംഭവത്തിൽ ശാസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൗലിൽമേരിയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് വന്ന അവരുടെ മാതാവ് തെരേസമ്മാളിനെയും അടിച്ച് വീഴ്ത്തിയശേഷം ഇസ്തിരിയുടെ വയറ് ഉപയോഗിച്ച് കഴുത്തിനെ മുറുക്കി കൊലപ്പെടുത്തി. മോഷണശ്രമമെന്ന് വരുത്തിത്തീർക്കാൻ അവർ അണിഞ്ഞിരുന്ന 16 പവൻ ആഭരണങ്ങളും മോഷ്ടിച്ചു. സ്വർണം പണയം വെച്ച് പ്രതി സ്കൂട്ടർ വാങ്ങിയിരുന്നു. പണയം വെച്ച ആഭരണങ്ങളും ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. കൊലക്ക്​ ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി. സംഭവദിവസം ലഭിച്ച ഇസ്തിരിയും ചെരിപ്പും തൊപ്പിയും പ്രതിയെ പിടികൂടുന്നതിന് പൊലീസിനെ സഹായിച്ചു. കൂടാതെ വീട്ടിൽനിന്ന് ലഭിച്ച കൈരേഖയും ഇയാളുടെതാണെന്ന് തെളിഞ്ഞതായി എസ്.പി. ഹരി കിരൺ പ്രസാദ് പറഞ്ഞു. ഇരണിയൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച റിമാൻഡ് ചെയ്തു. പ്രതിയെ നാഗർകോവിൽ ജില്ല ജയിലിൽ അടച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.