തിരുവനന്തപുരം: നെഞ്ചിടിപ്പിന്‍റെയും ആശങ്കയുടെയും മണിക്കൂറുകൾക്കൊടുവിൽ അന്തർ സംസ്ഥാന തൊഴിലാളിയെ മണ്ണിനടിയിൽനിന്ന് ഫയർഫോഴ്സ് സാഹസികമായി ജീവിതത്തിലേക്ക് കൈപിടിച്ചു. തലസ്ഥാനത്ത് പനവിളക്ക് സമീപം ശനിയാഴ്ച രാവിലെ പത്തോടെയാണ് സംരക്ഷണഭിത്തിക്ക് മുകളിൽ ടെന്‍റിലുണ്ടായിരുന്ന തൊഴിലാളികൾ മണ്ണിടിഞ്ഞ് 60 അടി താഴ്ചയിലേക്ക് പതിച്ചത്. മണ്ണിനും സംരക്ഷണഭിത്തിയുടെ കോൺക്രീറ്റിനും പാറക്കഷണങ്ങൾക്കും അടിയിലായിരുന്നു അസം സ്വദേശികളായ രണ്ടു തൊഴിലാളികൾ. ഇതിൽ ദിവങ്കറിനെ (22) സംഭവം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർതന്നെ രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇയാൾക്ക് നിസ്സാര പരിക്കേ ഉള്ളൂ. നെഞ്ചോളം മണ്ണ് മൂടിയ നിലയിലായിരുന്ന രാഹുൽ ബിശ്വാസിനെ (23) രണ്ടു മണിക്കൂർ നീണ്ട കഠിന ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. വീഴ്ചയിൽ ഇദ്ദേഹത്തിന്‍റെ വലത്തേ കൈക്ക് പൊട്ടലുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ചെറുപോറൽ പോലുമേൽക്കാതെയാണ് ഫയൽഫോഴ്സ് ദൗത്യം പൂർത്തിയാക്കിയത്. പാർശ്വഭിത്തിക്ക് മുകളിലെ ഷെൽട്ടറിൽ ഭക്ഷണം തയാറാക്കുന്നതിനിടെയാണ് അപകടം. എപ്പോഴും ഇടിഞ്ഞുവീഴാവുന്ന നിലയിൽ ശേഷിച്ച സംരക്ഷണഭിത്തിയും മണ്ണിനടിയിൽപെട്ടയാളുടെ നിസ്സഹായതയും തുടർ അപകട ഭീതിയുമെല്ലാം നിറഞ്ഞ ചുറ്റുപാടിലായിരുന്നു രക്ഷാപ്രവർത്തനം. ഹൈഡ്രോളിക് ഉപകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ചെറിയ മണ്ണനക്കംപോലും സംരക്ഷണഭിത്തിയും മുകളിലെ മൺകൂനയും വീണ്ടും ഇടിഞ്ഞുവീഴാനും രക്ഷാപ്രവർത്തകരടക്കം അപകടത്തിൽ പെടാനും കാരണമാകുമെന്നതിനാൽ അവസാനംവരെയും കൈകൊണ്ട് മണ്ണുനീക്കിയാണ് രാഹുലിനെ പുറത്തെടുത്ത്. മണ്ണ് കോരി നീക്കാൻ ചിരട്ടപോലും ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ലെന്ന് ഫയർഫോഴ്സ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടയിലും ചെറിയ തോതിൽ മുകളിൽനിന്ന് മണ്ണ് പൊഴിയുന്നുണ്ടായിരുന്നു. ഇതിനിടെ മെഡിക്കൽ സംഘവും എത്തി ഒരാൾക്ക് നിവർന്ന് നിൽക്കാൻപോലും ഇടമില്ലാത്തതിനാൽ ഇരുന്നും കിടന്നുമെല്ലാമാണ് മണ്ണ് നീക്കിയത്. ഈ സമയമെല്ലാം രാഹുലിന്‍റെ പൊട്ടലേറ്റ വലത് കൈക്ക് അനക്കമേൽക്കാതെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ താങ്ങിപ്പിടിച്ചിരുന്നു. ഉച്ചക്ക് 12.30 ഓടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കി രാഹുലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റീജനൽ ഫയർ ഓഫിസർ ദിലീപ്, ജില്ല ഫയർ ഓഫിസർ സൂരജ്, സ്റ്റേഷൻ ഓഫിസർമാരായ നിതിൻ രാജ്, സജിത് എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.