തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ നീന്തൽതാരമായ ഇറാനിയൻ വിദ്യാർഥിനിക്ക് കാമ്പസിലെ നീന്തൽകുളം ഉപയോഗിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും ഇതിനാവശ്യമായ സൗകര്യങ്ങൾ കായിക യുവജനകാര്യ വകുപ്പ് ഒരുക്കണമെന്നും മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ നീന്തൽക്കുളം ഉപയോഗിക്കാൻ അനുമതിയുള്ളൂയെന്ന് പറഞ്ഞ് നീന്തൽകുളത്തിന്റെ ചുമതലയുള്ള വ്യക്തി തനിക്ക് നേരെ വംശീയ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സാറ മൂസവി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരി നീന്തൽകുളം ഉപയോഗിക്കുന്ന വേളയിൽ ജീവനക്കാരനെ ഇടപെടാൻ അനുവദിക്കരുതെന്ന് കമീഷൻ നിർദ്ദേശിച്ചു.
ഈ വിഷയത്തിൽ കമീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനോ സിറ്റിങ്ങിൽ ഹാജരാകാനോ തയാറാകാതിരുന്ന കഴക്കൂട്ടം അസിസ്റ്റന്റ് കമീഷണർ, എസ്.എച്ച്.ഒ. എന്നിവരിൽ നിന്നും സിറ്റി പൊലീസ് കമീഷണർ വിശദീകരണം വാങ്ങി ഇവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരിക്ക് നീന്തൽകുളം ഉപയോഗിക്കാൻ യാതൊരു തടസവുമില്ലെന്ന് കായികവകുപ്പ് ഡയറക്ടർ കമീഷനെ അറിയിച്ചു. നീന്തൽക്കുളം ഉപയോഗിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കായിക വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകണമെന്നും അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണം ഉന്നയിച്ച് പരാതിക്കാരി കഴക്കൂട്ടം പൊലീസിന് നൽകിയ പരാതിയിൽ ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ലെന്ന ആരോപണം ജില്ലാ പൊലീസ് മേധാവി പരിശോധിച്ച് നടപടിയെടുക്കണമെന്ന് കമീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി ആറ്റിങ്ങൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതായി പരാതിക്കാരി കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.