തിരുവനന്തപുരം: എല്ലാ വർഗീയവാദികളുടെയും സഹായത്തോടെ തൃക്കാക്കരയിൽ യു.ഡി.എഫിന്‍റെ ഭൂരിപക്ഷം കുറക്കാനാണ് സി.പി.എം ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അതിനായി എല്ലാ വർഗീയവാദികളുടെയും അടുത്തേക്ക് മന്ത്രിമാരെ ഉൾപ്പെടെ അയച്ചിരിക്കുകയാണ്. യു.ഡി.എഫിനെ തോൽപ്പിക്കാനാവില്ലെന്ന് അറിയാവുന്നതിനാൽ ഭൂരിപക്ഷം കുറക്കാനാണ് ഇപ്പോൾ നോക്കുന്നത്. വോട്ടിനുവേണ്ടി വര്‍ഗീയവാദികളുടെ തിണ്ണനിരങ്ങാന്‍ യു.ഡി.എഫിനെ കിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ വിവാദപ്രസംഗത്തിന്‍റെ പേരിലെ പി.സി. ജോർജിന്‍റെ ആദ്യ അറസ്റ്റും ജാമ്യവും തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മും മുഖ്യമന്ത്രിയും ബി.ജെ.പിയും ചേർന്ന് നടത്തിയ നാടകമാണ്. അന്ന് ജോർജിനെ ജയിലിൽ അടച്ചിരുന്നെങ്കിൽ വിവാദപ്രസംഗം വെണ്ണലയിൽ ആവർത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു. ഇപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കാരണമായത് കോടതിയുടെ ഇടപെടലാണ്. അറസ്റ്റ് ചെയ്ത് ജോർജിനെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിച്ചപ്പോഴും സംഘ്പരിവാർ സംഘടനകൾക്ക് പുഷ്പപരവതാനി വിരിച്ച് സ്വീകരിക്കാൻ സർക്കാറും പൊലീസും ചേർന്ന് സൗകര്യം ഒരുക്കിക്കൊടുത്തു. വര്‍ഗീയവാദികളുടെ തിണ്ണനിരങ്ങാനില്ലെന്ന യു.ഡി.എഫ് നിലപാട് പൊതുസമൂഹം സ്വീകരിച്ചുവെന്ന് കണ്ടതോടെയാണ് ജോർജിന്‍റെ വിവാദ പ്രസംഗവും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യംവിളിയും കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായത്. ഇതുവരെയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുമായും ആര്‍.എസ്.എസുമായും സി.പി.എമ്മും മുഖ്യമന്ത്രിയും വിലപേശുകയായിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പ്രോത്സാഹിപ്പിച്ച് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നാടിനെ മലീമസമാക്കിയത്. പി.ഡി.പി വര്‍ഗീയ കക്ഷി അല്ലെന്നാണ് കോടിയേരി ഇപ്പോള്‍ പറയുന്നത്. 25 വര്‍ഷമായി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സി.പി.എമ്മിനായിരുന്നു. ഇത്തവണ പിന്തുണ നല്‍കാതെ വന്നതോടെ അവര്‍ വര്‍ഗീയവാദികളായി. രണ്ടു കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ പ്രകടനം നടത്താൻ പോപുലര്‍ ഫ്രണ്ടിന് അനുമതി കൊടുക്കാന്‍ മുകളില്‍നിന്ന് ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പ്രകടനത്തിന് അനുമതി നല്‍കിയ എസ്.പിയുടെയും കലക്ടറുടെയും നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.