തിരുവനന്തപുരം: സെറിബ്രൽ പാൾസിയെ വെല്ലുവിളിച്ച് മുന്നേറുന്ന ആര്യ രാജ് ആവേശവും പ്രചോദനവുമായി യു.എൽ സ്‌പേസ് ക്യാമ്പിൽ. ആദ്യമായി ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്) പ്രവേശനം നേടിയ, സെറിബ്രൽ പാൾസി ബാധിതയാണ് ആര്യ. കോവളത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ യു.എൽ സ്പേസ് ക്ലബ് സംഘടിപ്പിക്കുന്ന ത്രിദിനക്യാമ്പിന്റെ ഉദ്ഘാടനവേദി പ്രമുഖ ശാസ്ത്രജ്ഞർക്കൊപ്പം പങ്കിട്ട ആര്യയോട് മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഐ.എസ്.ടി രജിസ്ട്രാറും പ്രഫസറുമായ ഡോ.വൈ.വി.എൻ. കൃഷ്ണമൂർത്തി ഓട്ടോഗ്രാഫ് വാങ്ങിയത് സദസ്സിനെ സന്തോഷക്കണ്ണീർ അണിയിച്ചു. അരിസോണ സർവകലാശാലയിൽ ആസ്ട്രോബയോളജി പഠിക്കണമെന്നാണ് സ്വപ്നം. ഇതിനായി നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഈ പ്രതിഭയുടെ വിദ്യാഭ്യാസം ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റി ആണ്. പ്ലസ് ടുവിന് 1200ൽ 1200 മാർക്കു വാങ്ങി വിജയിച്ച ആര്യ യു.എൽ സ്‌പേസ് ക്ലബിലെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭകളിൽ ഒരാളാണ്. നിലവിൽ തിരുവനന്തപുരം ഐസറിലെ യു.ജി കോഴ്‌സായ (ഇന്റഗ്രേറ്റഡ് പി.ജി) ബി.എസ്.എം.എസ് വിദ്യാർഥിനിയാണ് ഈ കോഴിക്കോട് സ്വദേശി. സങ്കീർണമായ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതി പേഴ്സൻ വിത് ഡിസെബിലിറ്റി വിഭാഗത്തിൽ അഞ്ചാം റാങ്കോടെ പാസായാണ് ആര്യ ഐസർ പ്രവേശനം നേടിയത്. അതിനുണ്ടായ കടമ്പകൾ നിയമവഴിയിൽ മറികടന്നതിന്റെ കഥ ഉദ്ഘാടനസമ്മേളനത്തിൽ കോഴിക്കോട് ജില്ല ജഡ്ജി ആർ.എൽ. ബൈജു പറഞ്ഞതും കൗതുകമായി. ടെസ്റ്റിൽ പങ്കെടുക്കാനും ആര്യയുടെ പരിമിതിക്കനുസരിച്ചു പരീക്ഷ സമയം നീട്ടിക്കിട്ടാനും ആര്യയുടെ സംസാരം മനസ്സിലാക്കാൻ കഴിയുന്ന ഇന്റർപ്രെട്ടറെ കിട്ടാനുമൊക്കെ ഇടപെടൽ വേണ്ടിവന്നത് അദ്ദേഹം അനുസ്മരിച്ചു. ഇന്റീരിയര്‍ ഡിസൈനറായ പിതാവ് രാജീവും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥയായ മാതാവ് പുഷ്പജയും മകളുടെ എല്ലാ സ്വപ്നങ്ങൾക്കും പിന്തുണയുമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.