നാളെ മുതൽ ശക്തമായ മഴക്ക്​ സാധ്യത

തിരുവനന്തപുരം: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വ്യാഴാഴ്ചയോടെ വീണ്ടും ശക്തമാകും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴ പെയ്യുമെന്നാണ്​ പ്രവചനം. ബുധനാഴ്ച ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പില്ല. ഓറഞ്ച്​ അലർട്ടോ മഞ്ഞ അലർട്ടോ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ ബാധകമാക്കിയിട്ടില്ല. അതേസമയം, ചൊവ്വാഴ്ച മഞ്ഞ അലർട്ട് ബാധകമാക്കിയിരുന്നു. രാവിലെ പത്ത്​ മണിക്കുശേഷം തുടർച്ചയായ മഴ ഉണ്ടായിട്ടില്ല. കേരളത്തിന്​ മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിൽ തമിഴ്​നാട്​ തീരത്തെ മറ്റൊരു ച​ക്രവാതച്ചുഴിയുമാണ്​ തുടർച്ചയായ മഴക്ക്​ കാരണം. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ്​ ശക്തമാണ്​. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്​. ഇതിനകം വലിയ അളവിൽ മഴ ലഭിച്ച താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന്​ ജില്ല കലക്ടർ അറിയിച്ചു. തീരങ്ങളില്‍ 21 വരെ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികൾ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല. ശക്തമായ കാറ്റും മോശം കാലാവസ്ഥയുമുള്ളതിനാൽ അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.