കാട്ടുപന്നിയിറങ്ങി നശിപ്പിച്ച അവണൂരിലെ വിളഞ്ഞ നെൽപാടം
തൃശൂർ: കൊയ്യാറായ നെൽപ്പാടം കാട്ടുപന്നിയിറങ്ങി നശിപ്പിച്ചു. അവണൂർ ഗ്രാമപഞ്ചായത്തിലെ വെളപ്പായ പാടശേഖരത്തിലെ ഒരേക്കറോളം വിളഞ്ഞ നെല്ലാണ് കാട്ടുപന്നിയിറങ്ങി നശിപ്പിച്ചത്. കോഞ്ഞിപ്പറമ്പിൽ ദേവകിയും മകൻ ബാലകൃഷ്ണനും പാട്ടത്തിനെടുത്ത നാല് ഏക്കറിലെ ഒരേക്കറോളമാണ് കാട്ടുപന്നിയുടെ വിളയാട്ടത്തിൽ നശിച്ചത്. നേത്തേയും കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിക്കുന്നത് പരാതിക്കിടയാക്കിയിരുന്നെങ്കിലും പഞ്ചായത്ത് ഗൗരവമായി വിഷയത്തിൽ ഇടപെട്ടില്ലെന്നാണ് ആക്ഷേപം.
പ്രതികൂല കാലാവസ്ഥയുടെ നഷ്ടങ്ങളിലും സംഭരണമടക്കമുള്ള പ്രതിസന്ധിയിലും വായ്പയെടുത്തും കടം വാങ്ങിയുമാണ് കൃഷിയിറക്കിയത്. പാകമായ നെൽകൃഷിയിൽ ഒരേക്കറോളം നശിപ്പിക്കപ്പെട്ടത് കനത്ത നഷ്ടമാണുണ്ടാക്കുകയെന്ന് കർഷകർ പറയുന്നു.
കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകി വനംവകുപ്പ് ഉത്തരവിട്ടുണ്ടെന്നിരിക്കെ പഞ്ചായത്തിലെ കർഷകരുടെ പരാതിയിൽ അടിയന്തരമായി ഇടപെട്ട് കാട്ടുപന്നികളെ നശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളായ ഐ.ആർ. മണികണ്ഠൻ, സുരേഷ് അവണൂർ, ബിന്ദു സോമൻ, മിനി സൈമൺ എന്നിവർ സെക്രട്ടറിക്ക് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.