നിയമസഭ തെരഞ്ഞെടുപ്പ്; തൃശൂർ ജില്ല സജ്ജം

തൃശൂർ: ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ല പൂർണ സജ്ജമായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. പൂർണമായും ഹരിതച്ചട്ടം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കുകയെന്ന് കലക്ടർ അറിയിച്ചു.

25.2 ലക്ഷം വോട്ടർമാർ; 2839 ബൂത്തുകൾ

ജില്ലയിൽ ആകെ 25,23,810 വോട്ടർമാരാണുള്ളത്. ഇതിൽ 12,99,911 സ്ത്രീകളും (51.5%), 12,23,852 പുരുഷന്മാരും (48.49%), 19 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു. 13 നിയോജകമണ്ഡലങ്ങളിലായി ആകെ 2839 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിൽ 26 ബൂത്തുകൾ പൂർണമായും വനിതകൾ മാത്രം നിയന്ത്രിക്കുന്നവയായിരിക്കും. ഇത്തരം ബൂത്തുകളിൽ സുരക്ഷ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. അസന്നിഹിത വോട്ടർമാർക്കും 65 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നുണ്ട്. പോളിങ് സ്റ്റേഷനുകളിൽ ഭിന്നശേഷിക്കാർക്കും അവശരായവർക്കുമായി വീൽചെയർ, കുടിവെള്ളം, തണൽ എന്നിവയും ഏർപ്പെടുത്തും.

പോളിങ് സാമഗ്രി വിതരണം

പോളിങ് സാമഗ്രി വിതരണം ഏപ്രിൽ എട്ട് ബുധനാഴ്ച രാവിലെ എട്ട് മുതൽ നിശ്ചിത കേന്ദ്രങ്ങളിൽ ആരംഭിക്കും. മോക് പോളിങ് ആരംഭിക്കുന്നത് മുതൽ വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നത് വരെയുള്ള നടപടികൾ കലക്ടറേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി തെരഞ്ഞെടുപ്പ് കമീഷൻ പൊതു നിരീക്ഷകർ, ചെലവ് നിരീക്ഷകർ, പൊലീസ് നിരീക്ഷകൻ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.

വോട്ട് ചെയ്യാൻ ഇവ കരുതാം

വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് പ്രധാന രേഖ. ഇത് ഹാജരാക്കാൻ കഴിയാത്തവർക്ക് ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോയുള്ള ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ തുടങ്ങി കമീഷൻ അംഗീകരിച്ച മറ്റ് രേഖകളും ഉപയോഗിക്കാം.

48 മണിക്കൂർ മുമ്പ് മുതൽ മദ്യനിരോധനം

ഏപ്രിൽ ഏഴിന് വൈകീട്ട് ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തുന്നതാണ്. ഈ സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം, ഒപ്പീനിയൻ പോളുകൾ എന്നിവ നിരോധിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ വോട്ടു തേടാൻ പാടുള്ളതല്ല.

പ്രിന്ററുടെയും പ്രസാധകന്റെയും പേരുകളും വിലാസവുമില്ലാത്ത തെരഞ്ഞെടുപ്പ് പോസ്റ്ററുകളോ ലഘുലേഖകളോ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ച തീയതി മുതൽ ഫലപ്രഖ്യാപനം വരെയുള്ള ചെലവുകളുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കേണ്ടതും ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനുള്ളിൽ ജില്ല ഇലക്ഷൻ ഓഫിസർക്ക് സമർപ്പിക്കേണ്ടതുമാണ്. മേയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും സമാധാനപരമായി നടത്തുന്നതിനും പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും പൂർണ സഹകരണം നൽകണമെന്ന് ജില്ല കലക്ടർ അഭ്യർഥിച്ചു.

Tags:    
News Summary - Thrissur District ready for Assembly elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.