എറവ് തോട്ടുപുരയിൽ കൃഷിയിടത്തിലെ മോട്ടോർ ഷെഡ്
തകർന്ന നിലയിൽ
അരിമ്പൂർ: എറവ് തോട്ടുപുരയിൽ കൃഷിയിടത്തിലെ മോട്ടോർ ഷെഡ് തകർന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നന്നാക്കാത്തതിനെതിരെ നിലം തരിശിട്ട് പ്രതിഷേധിക്കുമെന്ന് കർഷകർ. കഴിഞ്ഞ വർഷത്തെ മിന്നൽ ചുഴലിയിലാണ് മോട്ടോർ ഷെഡ് തകർന്നത്. ഇതു വരെയും കേടുപാടുകൾ തീർക്കാൻ കൃഷിവകുപ്പ് തയാറായില്ലെന്ന് കർഷകർ പറയുന്നു.
പാടശേഖരത്ത് 80 ഏക്കർ വരുന്ന കൃഷിയിടത്തിലാണ് കൃഷിയിറക്കുന്നത്. തകർന്ന ഷെഡ് നന്നാക്കാൻ അരിമ്പൂർ കൃഷിഭവനിൽ അറിയിച്ചെങ്കിലും ഗുണമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. മേൽക്കൂര പറന്നുപോയതോടെ സബ്മേഴ്സിബിൾ പമ്പ് സെറ്റിന്റെ ഇലക്ട്രിക്കൽ പാനൽ ബോർഡിന് മുകളിൽ ടാർപായ വലിച്ചു കെട്ടിയാണ് താൽക്കാലിക പരിഹാരം കണ്ടിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ ടാർപായയും നിലംപൊത്തി. മഴക്കാലം വന്നാൽ ഇലക്ട്രിക്കൽ പാനൽ ബോർഡ് അഴിച്ചു മാറ്റി കൃഷിയിറക്കാറാക്കുമ്പോൾ തിരികെ വെക്കേണ്ട ഗതികേടിലാണ് കർഷകർ. ഇതിനായി ഏറെ അധ്വാനവും ചെലവും വരും.
മോട്ടോർ ഷെഡ് അറ്റകുറ്റ പണി നടത്തി പുനസ്ഥാപിച്ചില്ലെങ്കിൽ കൃഷിയിറക്കാതെ തരിശിടുമെന്ന് പാടശേഖര സമിതി സെക്രട്ടറി പി.കെ. സുബ്രഹ്മണ്യൻ, പ്രസിഡൻ്റ് യതീന്ദ്രനാഥ് എന്നിവർ പറഞ്ഞു. എന്നാൽ, ഷെഡ് നന്നാക്കാൻ 58,000 രൂപ അടിയന്തര സഹായം അനുവദിച്ചിരുന്നുവെന്നും എൻജിനിയറെ കൊണ്ട് എസ്റ്റിമേറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും നൽകാത്തതാണ് തടസമെന്നും കൃഷി ഓഫിസർ സ്വാതി സാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.