അൽത്താഫ്, ഷാനിബ്
അന്തിക്കാട്: പുള്ള് താമരപ്പാടം ഷാപ്പിൽ വെച്ച് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപിക്കുകയും യുവതിക്ക് മാനഹാനി വരുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃശൂർ ദിവാൻജിമൂല സ്വദേശികളായ കറുപ്പം വീട്ടിൽ ഷാനിബ് (25), കളിയാട്ടുപറമ്പിൽ വീട്ടിൽ അൽത്താഫ് (24) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 14ന് വൈകീട്ട് 5.30ഓടെ ഷാപ്പിൽ ഭക്ഷണം കഴിക്കാനെത്തിയ വടൂക്കര സ്വദേശിയായ അലനും സുഹൃത്തായ യുവതിക്കും നേരെയായിരുന്നു ആക്രമണം.
അലന്റെ പേരിലുള്ള പഴയ ക്രിമിനൽ കേസുകളെക്കുറിച്ച് പ്രതികൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ യുവതി വിലക്കിയതിലുള്ള വൈരാഗ്യത്താൽ പ്രതികൾ അലനെ മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവതിയെ പൊട്ടിയ ബിയർ കുപ്പി കൊണ്ട് തലക്കടിക്കാൻ ശ്രമിച്ചു. യുവതി കൈകൊണ്ട് തടഞ്ഞതിനാൽ തലക്ക് ഏൽക്കേണ്ടിയിരുന്ന പരിക്ക് ഒഴിവായെങ്കിലും കൈപ്പത്തിയുടെ പുറംഭാഗത്ത് പരിക്കേറ്റു.
തുടർന്ന് യുവതിയെ മർദിച്ച് മാനഹാനി വരുത്തുകയും അസഭ്യം പറയുകയും ചെയ്ത പ്രതികൾ, കൂടുതൽ പ്രശ്നമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അൽത്താഫിനെതിരെ തൃശൂർ ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകക്കേസ്, പോക്സോ കേസ്, കൊലപാതകശ്രമക്കേസ്, രണ്ട് അടിപിടിക്കേസ്, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ് തുടങ്ങി എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് സി.ഐ വി.എം. കേഴ്സൺ, എസ്.ഐ അഫ്സൽ, സി.പി.ഒമാരായ ഹസീബ്, പ്രതീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.