തൃശൂർ: മണ്ണുത്തി മുല്ലക്കര സ്വദേശി സോമശേഖരന്റെ വീട്ടിൽനിന്ന് 51 ലക്ഷം രൂപ വിലവരുന്ന 45.5 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ രാജസ്ഥാൻ സ്വദേശി സൂരജ് പവാർ (25) പിടിയിൽ. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ മാന്ദ്ഫിയ സ്റ്റേഷൻ പരിധിയിലെ തിരുട്ട് ഗ്രാമത്തിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ രണ്ട് ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ പൊലീസും തൃശൂർ സിറ്റി ഷാഡോ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
ഇയാളിൽനിന്ന് 26 പവൻ സ്വർണം കണ്ടെടുത്തു. രണ്ടാം പ്രതി ആകാശ് ഷിൻഡെ (31), മൂന്നാം പ്രതി മജീദ് ഖാൻ (47) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ആകെ 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കവർച്ച ചെയ്തതിൽ 30 പവനോളം മുഖ്യപ്രതി എടുത്ത ശേഷം ബാക്കി മറ്റുള്ള പ്രതികൾക്കായി വീതിച്ച് നൽകുകയായിരുന്നു. ഇനി രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
‘തീരൻ അധികാരം ഒൻട്ര്’ സിനിമയെ അനുസ്മരിപ്പിക്കുംവിധം ട്രക്കുകളിൽ വിവിധ സംസ്ഥാനങ്ങളിലെ ഹൈവേയോരങ്ങളിൽ ചുറ്റിക്കറങ്ങി സുരക്ഷാക്കുറവുള്ള വീടുകൾ കണ്ടെത്തി പൂട്ട് തകർത്ത് കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഹരിയാനയിൽനിന്ന് എറണാകുളം നെട്ടൂരിലേക്ക് എ.സികൾ എത്തിക്കാൻ ലോജിസ്റ്റിക്സ് കമ്പനിക്കായി ഓടിയ ട്രക്കിലാണ് പ്രതികൾ കേരളത്തിലെത്തിയത്.
മൂന്നാം പ്രതി മജീദ് ഖാനായിരുന്നു ഡ്രൈവർ. ഒന്നാം പ്രതി സൂരജ് പവാർ ഝാൻസിയിൽ നിന്നും ആകാശ് ഷിൻഡെ നാഗ്പൂരിൽ നിന്നുമാണ് ട്രക്കിൽ കയറിയത്. മുഖ്യപ്രതിക്കെതിരെ മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലായി ആറ് മോഷണക്കേസുകളുണ്ട്. ജൂൺ ഏഴിനായിരുന്നു കേസിനാസ്പദമായ കവർച്ച മണ്ണുത്തിയിൽ നടന്നത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.