തൃശൂർ മൃഗശാലയുടെ കവാടം
തൃശൂർ: സ്കൂളുകൾ അടച്ചതോടെ തൃശൂർ മൃഗശാല വീണ്ടും സജീവമായി. അവധി ദിനങ്ങൾ വന്നതോടെ തദ്ദേശീയരും ഇതര സംസ്ഥാനത്തുനിന്നുള്ളവരുടെയും തിരക്ക് തുടങ്ങി. 46 ഇനം ജീവിവർഗങ്ങളാണ് മൃഗശാലയിലുള്ളത്. ഒരുസിംഹവും നാല് വീതം കടുവയും പുള്ളിപ്പുലികളും ഇവിടെയുണ്ട്. ഹിപ്പോപൊട്ടാമസ്, വിവിധയിനം മുതലകൾ എന്നിവയാണ് മറ്റു ആകർഷണങ്ങൾ. മൃഗങ്ങളെക്കൂടാതെ പാമ്പുകളും ആമകളുമെല്ലാം ഇവിടെയുണ്ട്. റിയ പക്ഷികളും കുഞ്ഞുങ്ങളും ആരെയും ആകർഷിക്കും. കുട്ടികൾക്ക് പഠിക്കാനും രസിക്കാനുമുള്ള സൗകര്യങ്ങൾ കൂടുതലായി ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. മൃഗങ്ങളെ ആവശ്യത്തിലേറെ കിട്ടാനുണ്ട്. എന്നാൽ, തൃശൂരിലേക്ക് കൊണ്ടുവരേണ്ട എന്നാണ് നിർദേശം. ഇതെല്ലാം പുതുതായി ആരംഭിക്കുന്ന പുത്തൂരിലേക്ക് കൊണ്ടുപോകുമോയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. 1885ൽ പ്രവർത്തനം തുടങ്ങിയ മൃഗശാലയാണ് ഈ വർഷത്തോടെ ഇല്ലാതാകുന്നത്. തൃശൂർ നഗരമധ്യത്തിൽ പത്തേക്കറിലേറെ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന മൃഗശാല കാണാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്താറുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണിത്. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിന് മുമ്പ് തന്നെ തൃശൂർ മൃഗശാലയിൽ കൂടുതൽ മരങ്ങളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കും. മറൈൻ, ഫ്രഷ് വാട്ടർ ടാങ്കുകളിൽ അപൂർവ മത്സ്യങ്ങളെ വളർത്തി അക്വേറിയവും ഉടൻ പ്രവർത്തിപ്പിക്കും. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് അക്വേറിയം ഒരുക്കുന്നത്. ഇതിന്റെ 90 ശതമാനം നിർമാണം പൂർത്തിയായി. പരിചരണവും സാങ്കേതികവിദ്യയും ഫിഷറീസ് വകുപ്പ് നൽകും. ഇതിനുള്ള കരാർ ഉടനെയുണ്ടാകും. പരിശീലനം പൂർത്തിയാക്കിയ ജീവനക്കാരെയും ഫിഷറീസ് വകുപ്പ് നിയോഗിക്കും. ഒരു മാസത്തിനുളളിൽ തന്നെ അക്വേറിയം പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
മ്യൂസിയവും പുതുക്കിപ്പണിയുന്നുണ്ട്. പ്രദർശനവസ്തുക്കളുടെ പ്രദർശനരീതികൾ മാറ്റുമെന്ന് മൃഗശാല സൂപ്രണ്ട് അറിയിച്ചു. പല മൃഗങ്ങളെയും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയാലും വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ളതെല്ലാം മൃഗശാല അങ്കണത്തിൽ ഒരുക്കാനാണ് തീരുമാനം. മരങ്ങൾക്കൊപ്പം സൗന്ദര്യവത്കരണത്തിന് വിവിധയിനം മുളകളും ചിത്രശലഭ പാർക്കും ഒരുക്കും. ത്രീഡി തിയറ്ററും ആകർഷകമാക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും കനത്ത ചൂടുള്ള വേനൽക്കാലം സുഖകരമായി ചെലവിടാനുമുള്ള പാർക്ക് എന്ന രീതിയിലേക്കാണ് മൃഗശാല മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.