വരന്തരപ്പിള്ളി നടാംപാടത്ത് കാട്ടാനകൾ ഒടിച്ചിട്ട കവുങ്ങുകളിലൊന്ന്
ആമ്പല്ലൂർ: കുങ്കിയാനകൾ കാടുകയറ്റിയ കാട്ടാനകൾ വീണ്ടുമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. നടാംപാടം, കവരംപിള്ളി, പാത്തിക്കിരിച്ചിറ എന്നിവിടങ്ങളിലാണ് തുടർച്ചയായി രണ്ടാംദിനവും കാട്ടാനകൾ ഇറങ്ങിയത്.
നടാംപാടം എടത്തടത്തിൽ ഫൈസലിന്റെ പറമ്പിലെയും സമീപ പറമ്പുകളിലെയും കവുങ്ങ്, കടപ്ലാവ് തുടങ്ങിയവ ഒടിച്ച് നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. ഒന്നിലധികം ആനകൾ ഉണ്ടായിരുന്നെന്ന് ഫൈസൽ പറഞ്ഞു. വീട്ടുപറമ്പിലെ കൃഷി നശിപ്പിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.
പാത്തിക്കിരിച്ചിറ ഭാഗത്ത് ആനകൾ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കുങ്കിയാനകളെ കൊണ്ടുവന്ന് ആദ്യമായി കാട്ടാനകളെ തുരത്തിയ കള്ളായി തേക്ക് തോട്ടത്തിന് സമീപത്തുള്ള പ്രദേശത്താണ് നാശം വിതച്ചത്.
ഒരു മാസത്തോളമായി ശല്യം ഒഴിഞ്ഞുനിന്ന ജനവാസ മേഖലയുൾപ്പെടുന്ന പ്രദേശത്താണ് വീണ്ടും ആനകൾ എത്തിയത്. കുങ്കിയാന ദൗത്യസംഘത്തിലെ ആർ.ആർ.ടി വാച്ചർ ഹുസൈനെ ആക്രമിച്ച് കൊലപ്പെടുത്തിയ ഒറ്റയാനും കൂട്ടത്തിൽ ഉണ്ടെന്നാണ് മലയോര കർഷക സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നത്.
കാട്ടാനകളെ അടിയന്തരമായി കാടുകയറ്റണമെന്നും സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സമിതി പാലപ്പിള്ളി റേഞ്ച് ഓഫിസർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.