തൃശൂർ: ബി.ജെ.പി പിന്തുണ സ്വീകരിച്ചതിലൂടെ കോൺഗ്രസ് വെട്ടിലായ മറ്റത്തൂരിൽ വീണ്ടും വിവാദം. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം മിനി ടീച്ചറെ ബി.ജെ.പി അംഗങ്ങൾ പിന്തുണച്ചു. എൽഡിഎഫ് - 10, യുഡിഎഫ് - 8, എൻ ഡി എ - 4, വിമതർ - 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.
കോണ്‍ഗ്രസ് വിമതരായ അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപറമ്പന്‍ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഒരു വിമതൻ എൽഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ 11 വോട്ടുകളുമായി എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായി. തുടർന്ന് നറുക്കെടുപ്പിലൂടെ മിനി ടീച്ചർ വൈസ് പ്രസിഡന്റായി.
ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മറ്റത്തൂർ കൂറുമാറ്റവിവാദത്തിൽ ഒടുവിൽ സമവായമായിരുന്നു. കെപിസിസി ചുമതലപ്പെടുത്തിയ റോജി എം. ജോൺ എംഎൽഎമായുള്ള ചർച്ചയിലൂടെയാണ് സമവായത്തിന് വഴിയൊരുങ്ങിയത്. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നൂർജഹാൻ നവാസ് രാജിവെക്കുകയും ചെയ്തിരുന്നു. നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടി.എം ചന്ദ്രനും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്‍റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്.
ബിജെപി പിന്തുണയോടെ നേടിയ എല്ലാ സ്ഥാനങ്ങളും രാജിവെച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ പ്രസിഡന്റായ സ്വതന്ത്ര സ്ഥാനാർത്ഥി രാജിവെക്കില്ല എന്ന നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ഇപ്പോൾ കോൺഗ്രസിനെ ബിജെപി വീണ്ടും പിന്തുണച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.