സി.പി.എം ജില്ല സമ്മേളനത്തിനൊരുങ്ങുന്ന തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം
തൃശൂർ: കോവിഡ് വ്യാപന ആശങ്കക്കിടയിലും സി.പി.എം ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. ഉയരുന്ന ടി.പി.ആറിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് വ്യാഴാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ടിനും സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. തുടർഭരണവും രണ്ടുതവണയായി ജില്ലയിൽ ഇടതുപക്ഷത്തിന്റെ അജയ്യ മുന്നേറ്റവും അഭിമാനത്തോടെ എടുത്തുപറഞ്ഞുള്ള നാലു വർഷത്തെ പ്രവർത്തന പരിപാടികൾ വിശദീകരിച്ച റിപ്പോർട്ടിൽ ബി.ജെ.പി മുന്നേറ്റത്തെക്കുറിച്ചും വോട്ട് വർധനയെക്കുറിച്ചും വ്യക്തമാക്കുന്നു.
ഇതിൽ ജാഗ്രത വേണമെന്നും ജനങ്ങൾക്കിടയിലെ സ്വാധീനം വർധിപ്പിക്കേണ്ടതിനെക്കുറിച്ചും വ്യക്തമാക്കുന്നു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും തൃശൂരിൽ സുരേഷ് ഗോപിയുടെ മത്സരവും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ഭരിക്കുന്നത് ഇടതുപക്ഷമാണെന്നിരിക്കെ പാർട്ടി പ്രതീക്ഷിക്കുന്ന തലത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഉയരുന്നില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഡി.വൈ.എഫ്.ഐയെയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ഭരണത്തിൽ സമരങ്ങളില്ലാതായെന്നതിനൊപ്പം യൗവനത്തിന്റെ പ്രസരിപ്പ് നഷ്ടമായ വിധത്തിലാണ് പ്രവർത്തനമെന്നാണ് വിമർശനം.
ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ വിമർശനമുയർന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പ്രത്യേക ഭാഗമായിട്ടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർട്ടിയുടെ യശസ്സിനെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തനമുണ്ടായെന്നും ചുമതലപ്പെട്ടവരിൽനിന്ന് ഉണ്ടായ വീഴ്ചകൾക്ക് ശിക്ഷയായി പാർട്ടി കടുത്ത നടപടി സ്വീകരിച്ചതും വിശദീകരിക്കുന്നു. സഹകരണ മേഖല സംബന്ധിച്ച് പ്രത്യേക ഭാഗമായിട്ടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിശദീകരണം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമ്മേളനത്തിൽ അതിരൂക്ഷമായ വിമർശനമുയരുമെന്നത് കണക്കാക്കിയാണ് റിപ്പോർട്ടിൽ പ്രത്യേകമായി ഇത് ഉൾപ്പെടുത്തിയതെന്നാണ് സൂചന. ദീപശിഖ, പതാക, കൊടിമര ജാഥകൾ എല്ലാം വേണ്ടെന്നു വെച്ചതോടെ വെള്ളിയാഴ്ച രാവിലെ മാത്രമേ സമ്മേളന നടപടികൾ ആരംഭിക്കൂ. ദീപശിഖ തെളിയിക്കലിനും പതാക ഉയർത്തലിനും ശേഷം പ്രതിനിധി സമ്മേളനം നടക്കും. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. 175 പ്രതിനിധികളും സമ്മേളന വളന്റിയർമാരും അടക്കം 200ൽ താഴെ ആളുകൾ മാത്രമേ ഉണ്ടാകൂ എന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.
രണ്ടായിരത്തോളം പേർക്ക് ഇരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏരിയ കമ്മിറ്റികൾക്കായി മേഖലകളായി തിരിച്ചാണ് പ്രതിനിധികൾക്കായി സൗകര്യമൊരുക്കിയിരിക്കുന്നത്. രണ്ട് വാക്സിനെടുത്തവർക്കും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് ഉറപ്പുവരുത്തിയവർക്കും മാത്രമാണ് പങ്കെടുക്കാനാവുക.
ഉദ്ഘാടന സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി കാണാന്‍ സൗകര്യമൊരുക്കും. 23ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് അഞ്ചിന് വെര്‍ച്വല്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
തൃശൂർ: പുതിയ ജില്ല കമ്മിറ്റിയെന്നത് പുതുമയുള്ളതുതന്നെയാവുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. ജില്ല സെക്രട്ടറിയായി എം.എം. വർഗീസ് തുടരും. ജില്ല സെക്രട്ടേറിയറ്റിൽ ഇത്തവണ വനിത പ്രാതിനിധ്യവുമുണ്ടായേക്കും.
ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ മേരി തോമസ്, എരുമപ്പെട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ എന്നിവർ ഇതിലേക്ക് പരിഗണിക്കുന്നവരാണ്. ദലിത് പ്രാതിനിധ്യമായി കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി ടി.കെ. വാസുവാണ് പരിഗണിക്കപ്പെടുന്നത്.
യുവജന വിഭാഗത്തിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടറി സി. സുമേഷും ഉൾപ്പെട്ടേക്കും. സെക്രട്ടേറിയറ്റിൽ നിലവിൽ മൂന്നുപേരുടെ ഒഴിവുള്ളത് നികത്തേണ്ടതുണ്ട്. ജില്ല കമ്മിറ്റിയിൽ 10 പേരുടെ ഒഴിവുണ്ട്. പത്തോളം പേർ ഒഴിവാക്കപ്പെടുകയും ചെയ്യും. ഇതുൾപ്പെടെ നികത്തുന്നതിൽ പുതിയ ആളുകൾ ഇടം നേടും.
ജില്ല കമ്മിറ്റിയിലേക്ക് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, മഹിള അസോസിയേഷൻ സെക്രട്ടറി ഉഷ പ്രഭുകുമാർ എന്നിവരും, വടക്കാഞ്ചേരി നഗരസഭ മുൻ ചെയർമാൻ അനൂപ് കിഷോർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.എസ്. വിനയൻ, കെ.വി. സജു, കുന്നംകുളം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ തുടങ്ങിയവർ പുതിയ കമ്മിറ്റിയിൽ ഇടം നേടിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.