എറിയാട്: തീരക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽ പൊലീസ് സംഘം പിടികൂടി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കരവലി നടത്തിയ മുനമ്പം പള്ളിപ്പുറം, നിധീഷ്, മോഹൻലാൽ, ലൈജു എന്നവരുടെ ഉടമസ്ഥതയിലുള്ള എയ്ഗർ, മുദ്ര, വചനം- 4 നാല് എന്നീ ബോട്ടുകളാണ് മിന്നൽ പരിശോധനയിൽ സംയുക്ത സംഘം പിടിച്ചെടുത്തത്.
തീരക്കടലിൽ അഴിക്കോട് ലൈറ്റ് ഹൗസിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃത രാത്രികാല കരവലി നടത്തിയ ബോട്ടുകൾ പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട് ഫിഷ് ലാൻഡിങ് സെൻററിൽ ലേലം ചെയ്ത് 88,600 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടി. രണ്ട് ബോട്ടുകൾക്ക് 2.5 ലക്ഷം വീതവും കുറ്റകൃത്യം ആവർത്തിച്ച ''എയ്ഗർ'' ബോട്ടിന് 5 ലക്ഷവും ആകെ 10 ലക്ഷം രൂപ പിഴ ഈടാക്കി. എയ്ഗർ ബോട്ട് സമാനമായ കുറ്റം ആവർത്തിച്ചതിനാൽ ഇരട്ടി പിഴ ചുമത്തിയത്.
തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി.ഗ്രേസി അഴീക്കോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സി.രമേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക രാത്രികാല പരിശോധനയുടെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻരാജ് മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സംന ഗോപൻ, അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എ.എസ്.ഐ എം.ആർ.സജീവൻ സ്രാങ്ക് ജിൻസൺ, ലാസ്കർ ജവാബ്,റെസ്‌ക്യൂ ഗാർഡുമാരായ, ഷിഹാബ്, കൃഷ്ണപ്രസാദ്, വർഗീസ് ജിഫിൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.
സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന ബോട്ടുകളെ കരിമ്പട്ടികയിൽപ്പെടുത്തി ലൈസൻസ് റദ്ദ് ചെയ്യുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ല ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി. സീമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.