തൃശൂർ പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാളിൽ നടന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: സ്വകാര്യ ആശുപത്രികളിൽ എട്ടു വർഷമായി ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനെ തുടർന്ന് നഴ്സുമാർ സമരത്തിലേക്ക്. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിലാണ് നഴ്സുമാർ പണിമുടക്കിന് ഒരുങ്ങുന്നത്. ശമ്പള പരിഷ്കരണം നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യ ശമ്പളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആദ്യഘട്ടമായി ഫെബ്രുവരി 21ന് സൂചന പണിമുടക്ക് നടത്തുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ മുഴുവൻ നഴ്സുമാരും പണിമുടക്കിന്റെ ഭാഗമാകുമെന്നും അവർ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിലും വാർഡിലും മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്ക് ഹാജരാകൂ. ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി.
തൃശൂർ പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാളിൽ നടന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷമാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. യോഗം ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എം.വി. സുധീപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരൻ, ട്രഷറർ ദിവ്യ, വർക്കിങ് പ്രസിഡന്റ് റെജി ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.