തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ ആരവങ്ങളടങ്ങും മുമ്പേ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. എൽ.ഡി.എഫ് തെക്കൻ മേഖല വികസന യാത്ര ജില്ലയിലെ പര്യടനം വെള്ളിയാഴ്ച പൂർത്തിയാക്കി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച യാത്രയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുമായെന്നാണ് മുന്നണിയുടെ പ്രതീക്ഷ.
സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാകാത്തതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് എൽ.ഡി.എഫ് വികസന യാത്ര നടത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ജാഥ ജില്ലയിൽ പ്രവേശിക്കുമ്പോഴേക്കും നിയമസഭയിലേക്ക് മത്സരിക്കുന്നവരുടെ അന്തിമ പട്ടികയാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും കോൺഗ്രസും.
കഴിഞ്ഞ രണ്ട് തവണത്തെ ക്ഷീണം മറികടക്കാനാകുമെന്നും അവർ കണക്കുകൂട്ടുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനിന്റെ സന്ദർശനത്തോടെ ബി.ജെ.പി ഔപചാരികമായി പ്രചാരണത്തിന് തുടക്കമിട്ടു. എൽ.ഡി.എഫിൽ സി.പി.എം ഏഴും സി.പി.ഐ അഞ്ചും കേരള കോൺഗ്രസ് (മാണി) ഒരു സീറ്റിലുമാണ് മത്സരിക്കുകയെന്നാണ് ഏകദേശ ധാരണ. യു.ഡി.എഫിൽ കോൺഗ്രസ് 11ഉം മുസ്ലിം ലീഗും കേരള കോൺഗ്രസും ഒരു വീതവും സീറ്റിൽ മത്സരിക്കും. എൻ.ഡി.എയിൽ ബി.ജെ.പി 11ഉം ബി.ഡി.ജെ.എസ് രണ്ടും സീറ്റിലാണ് കഴിഞ്ഞതവണ മത്സരിക്കാൻ തീരുമാനിച്ചിരുന്നത്.
ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയതോടെ പത്തിടത്തേ ബി.ജെ.പിക്ക് സ്ഥാനാർഥികളുണ്ടായിരുന്നുള്ളൂ. ഇത്തവണ ട്വന്റി 20ക്ക് ഒന്നോ രണ്ടോ സീറ്റ് നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. എൽ.ഡി.എഫിൽ ചാലക്കുടി സീറ്റിന് ജനതാദൾ എസും അവകാശമുന്നയിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസിനെ ഒഴിവാക്കില്ലെന്നാണ് സൂചന.
യു.ഡി.എഫിൽ ഗുരുവായൂർ സീറ്റ് കോൺഗ്രസിന് ഏറ്റെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും ലീഗ് വിട്ടുകൊടുക്കില്ലെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. ജില്ലയിലെ നേതാവിനെ തന്നെ മത്സരിപ്പിക്കാനും ലക്ഷ്യമിടുന്നു.
യു.ഡി.എഫിൽ ഗ്രൂപ്-ജാതി സമവാക്യങ്ങൾ
കനഗോലു റിപ്പോർട്ടും ഗ്രൂപ്-ജാതി സമവാക്യങ്ങളും എല്ലാം ഒരേസമയം ഉൾപ്പെടുത്തിയാണ് യു.ഡി.എഫിൽ സ്ഥാനാർഥിമോഹികൾ രംഗത്തുള്ളത്. ജില്ലയിലെ പകുതിയിലധികം മണ്ഡലങ്ങളിലും ഏകദേശ ധാരണയുമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെ കോൺഗ്രസിൽ സ്ഥാനാർഥിമോഹികളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2016ലെയും 2021ലെയും തെരഞ്ഞെടുപ്പുകളിൽ ഒറ്റ സീറ്റിൽ ഒതുങ്ങിയതിന്റെ ക്ഷീണം തീർക്കാൻ പരിചയ സമ്പന്നരെയും പുതുമുഖങ്ങളെയും ഒരേപോലെ രംഗത്തിറക്കാനാണ് സാധ്യത. ഡി.സി.സി പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ഭാരവാഹികളും അടക്കം സാധ്യതപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ കെ.എസ്.യുവിനും ഐ.എൻ.ടി.യു.സിക്കുമുണ്ട്. ആറ് മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇത് കൂടുകയല്ലാതെ കുറയില്ലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു.
നയം മാറിയാൽ ഇടതിൽ പരിചയസമ്പന്നർ തുടരും
രണ്ടിലധികം തവണ തുടർച്ചയായി സ്ഥാനാർഥിത്വം നൽകേണ്ടതില്ലെന്ന നയത്തിൽ സി.പി.എമ്മും സി.പി.ഐയും ഇത്തവണ മാറ്റംവരുത്തിയാൽ പരിചയസമ്പന്നർ മത്സരരംഗത്ത് തുടരും. മന്ത്രി കെ. രാജൻ, മുൻ മന്ത്രി എ.സി. മൊയ്തീൻ, ഇ.ടി. ടൈസൺ, വി.ആർ. സുനിൽകുമാർ തുടങ്ങിയവരെല്ലാം തുടർച്ചയായി രണ്ട് പ്രാവശ്യം എം.എൽ.എയായവരാണ്. സി.പി.എമ്മും സി.പി.ഐയും നയത്തിൽ മാറ്റം വരുത്തുമെന്ന സൂചനയുള്ളതിനാൽ ഇവരിൽ മൂന്നുപേരെങ്കിലും മത്സരരംഗത്തുണ്ടാകും. നാട്ടികയിൽ പാർട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന സി.സി. മുകുന്ദനെ ഒഴിവാക്കാൻ സി.പി.ഐ ആലോചിച്ചിരുന്നു. എന്നാൽ, ജനവികാരം അടക്കം കണക്കിലെടുത്ത് രണ്ടാംതവണ അവസരം നൽകാനാണ് സാധ്യത. അതേസമയം, തൃശൂരിൽ സി.പി.ഐക്ക് പുതിയ സ്ഥാനാർഥിയുണ്ടാകുമെന്ന് സൂചനയുണ്ട്. സി.പി.എമ്മിന്റെ ഏഴിൽ മൂന്നിടത്ത് പുതുമുഖങ്ങൾ മത്സരിക്കുമെന്നാണ് സൂചന. ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചേലക്കര സീറ്റുകളിലും നിലവിലെ എം.എൽ.എമാർ തുടർന്നേക്കും. ഫെബ്രുവരി അവസാനം ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷമാകും തീരുമാനം.
സർപ്രൈസിൽ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി
ലോക്സഭയിലേക്ക് സുരേഷ് ഗോപിയുടെ വിജയത്തിലൂടെ പ്രതീക്ഷയിലായിരുന്ന ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. മൂന്ന് എ ക്ലാസ് മണ്ഡലങ്ങളുണ്ടെങ്കിലും വിജയത്തിലെത്താൻ കടുത്ത പ്രയത്നം വേണ്ടിവരുമെന്ന യാഥാർഥ്യവുമുണ്ട്. പുതുതായി മുന്നണിയിലെത്തിയ ട്വന്റി 20 ജില്ലയിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ല. വിജയപ്രതീക്ഷയുള്ള തൃശൂരടക്കം പ്രധാന മണ്ഡലങ്ങളിൽ മികച്ച നേതാക്കളെ രംഗത്തിറക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇരിങ്ങാലക്കുടയിൽ വീണ്ടും ജേക്കബ് തോമസ് രംഗത്തിറങ്ങിയേക്കും. അതേസമയം, ഗ്രൂപ്പിസവും എൻ.ഡി.എയുടെ ഭാഗമായ മറ്റ് പാർട്ടികൾക്കൊന്നും ജില്ലയിൽ കാര്യമായ സ്വാധീനമില്ലെന്നതും വെല്ലുവിളിയാണ്. ജില്ലക്ക് പുറത്തുനിന്നുള്ള രണ്ടോ മൂന്നോ പ്രമുഖ നേതാക്കൾ രംഗത്തെത്തുമെന്ന സൂചനയുണ്ട്. ക്രിസ്ത്യൻ വോട്ട് ബാങ്കിൽ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.