ചെറുതുരുത്തി: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലെ ആറ്റൂർ വളവിൽ പ്രവർത്തിക്കാത്ത ക്വാറിയിൽ സംഭരിച്ചിരുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ലക്ഷക്കണക്കിന് രൂപവിലമതിക്കുന്ന പൈപ്പുകൾ കത്തിയമർന്നു. ആറുമണിക്കൂറോളം ജനങ്ങളെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ വൻ അഗ്നിബാധയുണ്ടായത്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപയോഗിക്കാത്ത ക്വാറിയിൽ കൂട്ടിയിട്ടിരുന്ന 60 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകളാണ് പൂർണമായും കത്തിയമർന്നത്. സമീപത്തെ പറമ്പിൽ നിന്നുണ്ടായ തീ പൈപ്പുകളിലേക്ക് ആളിപ്പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് കത്തിയതോടെ കിലോമീറ്ററുകളോളം കറുത്ത പുക പടരുകയും സംസ്ഥാനപാതയിൽ കാഴ്ച മങ്ങിയും യാത്രക്കാർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടും ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
വടക്കാഞ്ചേരിയിൽനിന്നുള്ള രണ്ട് യൂനിറ്റും ഷൊർണൂരിൽ നിന്നുള്ള ഒരു യൂനിറ്റും അഗ്നിരക്ഷ സേനാംഗങ്ങൾ മണിക്കൂറുകളോളം അതിസാഹസികമായി തീയണക്കാൻ പരിശ്രമിച്ചു. വൈകീട്ട് നാല് മണിയോടെ തീ 99 ശതമാനവും നിയന്ത്രണവിധേയമാക്കി. വടക്കാഞ്ചേരി പൊലീസ് ഗതാഗത നിയന്ത്രണം ഏറ്റെടുത്തു.
വൈകീട്ട് മൂന്ന് മണിയോടെയാണ് ഗതാഗതം പൂർണ തോതിലായത്. വർഷങ്ങൾക്ക് മുമ്പ് സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിച്ച ചരിത്രമുള്ള ഇതേ ക്വാറിയിലാണ് വീണ്ടും ദുരന്തം ആവർത്തിച്ചിരിക്കുന്നത്. മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ് വർഗീസും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.