നിയന്ത്രണംവിട്ട കാർ വെട്ടിക്കാട്ടിരിയിലുള്ള ഹോട്ടലിലേക്ക് ഇടിച്ച് കയറിയപ്പോൾ
കാർ ബൈക്കുകളിലിടിച്ച് ഹോട്ടലിലേക്ക് പാഞ്ഞു കയറി
ചെറുതുരുത്തി: നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട രണ്ട് മോട്ടോർ ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ച് ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഹോട്ടലിലെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ വന്നവരും ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ വെട്ടിക്കാട്ടിരിയാണ് അപകടം. കഫേ മഖാനി ഹോട്ടലിലേക്കാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. ചേർത്തല ഈരാറ്റുപുഴ സ്വദേശി അഡ്വ. ജാക്സൺ മാത്യു ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഒറ്റപ്പാലത്തേക്കുള്ള യാത്രക്കിടയിൽ ചായ കുടിക്കാൻ വേണ്ടി ഹോട്ടൽ കണ്ടപ്പോൾ വണ്ടി പെട്ടെന്ന് വേഗത കുറച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കാർ വേഗത കുറച്ചതോടെ പിന്നിൽ വന്ന മിനി വാൻ കാറിന്റെ പിൻഭാഗത്ത് ഇടിച്ചതോടെ നിയന്ത്രണംവിട്ട് ഹോട്ടലിന്റെ മുന്നിൽ ഉണ്ടായിരുന്ന രണ്ടു ബൈക്കുകൾ ഇടിച്ച് വീഴ്ത്തി ഹോട്ടലിലേക്ക് കയറുകയായിരുന്നു. ഈ സമയത്ത് ഹോട്ടലിൽ നിറയെ ആളുകളുണ്ടായിരുന്നു. കാറിന്റെ വരവ് കണ്ട് ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. ഹോട്ടലിന്റെയും കാറിന്റെയും മുൻഭാഗം തകർന്നു. ജാക്സൺ മാത്യുവിനും നിസാര പരിക്കേറ്റു. ചെറുതുരുത്തി പൊലീസ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.