പിതാവിനെ മർദിക്കുന്ന മകനോട് വീട്ടിൽനിന്ന് പോകാൻ കോടതി ഉത്തരവ്
കുന്നംകുളം: പിതാവിനെ മർദിക്കുന്ന മകനോട് വീട്ടിൽനിന്ന് പുറത്തുപോകാൻ കുന്നംകുളം കോടതി ഉത്തരവിട്ടു. പാറേമ്പാടം വടക്കെത്തലക്കൽ സൈമണിനെ (78) മർദിക്കുന്ന മകൻ ജോബിയോടാണ് (46) വീട് വിട്ടുപോകാൻ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽ. ജയന്തൻ ഉത്തരവിട്ടത്.
ഹാൻസ് ഉൾപ്പെടെ നിരോധിത പുകയില ഉൽപന്നങ്ങൾ സഹിതം ജോബിയെ പൊലീസ് മാസങ്ങൾക്ക് മുമ്പ് അറസ്‌റ്റ് ചെയ്‌തിരുന്നു. നിരന്തരമായി മർദിക്കുന്നതിനാൽ ഉപദ്രവം സഹിക്കാതെ വന്ന സൈമണിന്റെ മരുമകൾ റിയ തമ്പി കോടതിയിൽ നൽകിയ ഹരജിയിലാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. ലഹരി വിൽപന ചോദ്യം ചെയ്‌തതിന്റെ പേരിൽ സൈമനെ മർദിച്ച സംഭവത്തിൽ ജോബിക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ട്. ഈ കേസിൽ ജാമ്യമെടുത്ത ശേഷമാണ് വീണ്ടും മർദനം തുടങ്ങിയത്. സൈമണ് ഭക്ഷണം കൊടുക്കാതിരുന്നതിന്റെ പേരിൽ കലക്ടർക്ക് നൽകിയ പരാതിയിൽ കഴിഞ്ഞ ജനുവരി 31ന് ജോബിയോട് മാസംതോറും 3,000 രൂപ വീതം ചെലവിന് കൊടുക്കാൻ നിർദ്ദേശിച്ചിരുന്നു.
സൈമണ് ദിവസവും ഭക്ഷണം എത്തിക്കാൻ മറ്റു മക്കൾക്കും ബാധ്യതയുണ്ടെന്നും കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ മറ്റൊരു മകനായ തമ്പിയുടെ ഭാര്യ ഭക്ഷണം കൊടുക്കാൻ സൈമണിന്റെ വീട്ടിൽ ചെന്നതോടെ റിയയെയും ജോബി ശല്യപ്പെടുത്തി.ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. സൈമണിന്റെ ഭാര്യ ബേബി നാല് വർഷം മുമ്പ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.