ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് വേദിയാകുന്ന കോട്ടപ്പുറം കായലും കരയും
ചുണ്ടൻ വള്ളങ്ങളുടെ കായൽ പോരാട്ടത്തിന് കോട്ടപ്പുറം ഒരുങ്ങുന്നു
കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാറിന്റെ വിനോദസഞ്ചാര നയത്തിന്റെ ഭാഗമായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) കായൽ പോരാട്ടത്തിന് കോട്ടപ്പുറം ഒരുങ്ങുന്നു. സി.ബി.എൽ ആറാം സീസണിലെ നാലാംപാദ മത്സരം ഒക്ടോബർ നാലിന് ഉച്ചക്ക് രണ്ടിന് കോട്ടപ്പുറം കായലിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 19ന് ആലപ്പുഴയിലെ കരുവാറ്റയിൽ തുടക്കം കുറിച്ച ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിലെ നാലാമത്തെ മത്സരമാണ് കോട്ടപ്പുറം കായലിൽ നടക്കുന്നത്.
നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ഒമ്പത് ചുണ്ടൻവള്ളങ്ങളാണ് മാറ്റുരക്കുന്നത്. കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രി വി.കെ. രാജൻ, കെ.ഡി. കുഞ്ഞപ്പൻ, ടി.എ. ഗിരീഷ്കുമാർ എന്നിവരുടെ സ്മരണാർഥം ഏർപ്പെടുത്തിയ ട്രോഫികൾക്ക് വേണ്ടിയുള്ള ഇരുട്ടുകുത്തി വള്ളങ്ങളുടെ ജലോത്സവവും ഒപ്പം നടക്കും. വിവിധ കലാ പരിപാടികളും ഉണ്ടാകും. നവംബർ 21ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടെയാണ് ലീഗ് മത്സരങ്ങൾക്ക് സമാപനം.
മന്ത്രി ഒ.ജെ. ജനീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ജലമേള ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സന് ഹണി പീതാംബരന്, ജോയിന്റ് കൺവീനർ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ടി.എം. നാസർ, കോഓഡിനേറ്റർ ഹക്കിം ഇക്ക്ബാൽ, കെ.ടി.ഡി.സി പ്രസിഡന്റ് വി.എം. ജോണി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.