സ്പോർട്സ് ഫിസിയോളജിയിൽ പ്രത്യേക കോഴ്സ് പരിഗണനയിൽ -ആരോഗ്യ സർവകലാശാല വി.സി
മുളങ്കുന്നത്തുകാവ്: ആരോഗ്യശാസ്ത്ര സർവകലാശാലയിലെ ബിരുദധാരികൾക്ക് രാജ്യത്തെ കായികരംഗത്തിന്റെ വളർച്ചയിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാകാൻ സഹായിക്കുന്നതിന് സ്പോർട്സ് ഫിസിയോളജിയിൽ പ്രത്യേക കോഴ്സ് ആരംഭിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ സർവകലാശാല സർവകലാശാല പരിഗണിച്ചുവരികയണെന്ന് വൈസ് ചാൻസലർ ഡോ. പ്രഫ. മോഹനൻ കുന്നുമ്മൽ. കോഴ്സിന്റെ കരിക്കുലം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലെ സിഡ്നി ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ സ്കൂൾ ഓഫ് ക്ലിനിക്കൽ മെഡിസിനിലെ പ്രഫസർ ഡോ. സൈമൺ റോസൻബോമുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 2025-26 അധ്യയന വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക ഇനങ്ങളിൽ സർവകലാശാലയെ പ്രതിനിധീകരിച്ച് മികവ് തെളിയിച്ച 975 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇതിൽ 796 പേർ ഇന്റർസോൺ മത്സരങ്ങളിലും 179 പേർ ഇന്റർ യൂനിവേഴ്സിറ്റി മത്സരങ്ങളിലും മികവ് തെളിയിച്ചവരാണ്.
2025-26 വർഷത്തെ സർവകലാശാല കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിന് ചാമ്പ്യൻസ് ട്രോഫിയും എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും വൈസ് ചാൻസലർ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്, മൂന്നാം സ്ഥാനം നേടിയ മലബാർ മെഡിക്കൽ കോളജ് കോഴിക്കോട് എന്നിവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു.
പ്രോ വൈസ് ചാൻസലർ പ്രഫ. ഡോ. സി.പി. വിജയൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പ്രഫ. ഡോ. എസ്. ഗോപകുമാർ, പരീക്ഷ കൺട്രോളർ ഡോ. എസ്. അനിൽകുമാർ, ഫിനാൻസ് ഓഫിസർ എം.എസ്. സുധീർ, വിദ്യാർഥികാര്യ ഡീൻ ഡോ. ആർ. ആശിഷ്, ഡീൻ അക്കാദമിക് ഡോ. ആർ. ബിനോജ്, ഡീൻ റിസർച്ച് ഡോ. കെ.എസ്. ഷാജി, അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടർ പ്രഫ. ഡോ. വി.വി. ഉണ്ണികൃഷ്ണൻ, സർവകലാശാല സ്പോർട്സ് കോഓഡിനേറ്റർ വി.എൽ. ബിജു കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.