സ്കൂൾ കായിക മേളക്കിടെ കാറ്റിലും മഴയിലും അപകടം; വിദ്യാർഥികൾക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് കനത്ത കാറ്റിലും മഴയിലും അപകടം. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റതായി വിവരം.
കനത്ത കാറ്റിലും മഴയിലും തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ഥികളിൽ ഒരാളുടെ തലയില്‍ തുന്നലുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
കായിക മേള നടക്കുന്ന സ്ഥലത്ത് മുകളില്‍ ഷീറ്റ് കെട്ടിയിരുന്നു. കാറ്റിൽ ഇത് പാറിപ്പോയി. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങളാണ് തൃശൂരില്‍ നടക്കുന്നത്.
അതിനിടെ, ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുകയാണ്. തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരു മരണം റിപ്പോർട്ട് ചെയ്തു. നെയ്യാറ്റിൻകര കുന്നത്തുകാലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ പരശുവയ്ക്കൽ സ്വദേശി വിൻസെന്റ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പരശുവയ്ക്കൽ സ്വദേശി അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കുന്നത്തുകാലിലെ ഒരു സ്വകാര്യ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ചയാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വരും ദിവസങ്ങളിലും കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) സാധ്യത. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ടും നിലവിലുണ്ട്.
വരും ദിവസങ്ങളിലെ യെല്ലോ അലർട്ട് വിവരങ്ങൾ: ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.