SUPP

8. ​പ്രശസ്തിയുടെ കൊടുമുടിയിൽ സിനിമയിൽ പൂർണമായും മുഴുകിയ കാലമായിരുന്നു ചെന്നൈയിൽ ഉണ്ടായിരുന്ന പത്ത്​ വർഷം. ആഴ്ചതോറും മുടങ്ങാതെ അയക്കുന്ന കത്തുകളായിരുന്നു വീടുമായുള്ള ആകെയുള്ള ബന്ധം. ട്രങ്ക്​ ബുക്ക്​ ചെയ്തു വിളിക്കേണ്ടതിനാൽ ഫോൺ വിളി കുറവായിരുന്നു. സിനിമ സെറ്റുകളിൽനിന്നും സെറ്റുകളിലേക്കുള്ള പ്രയാണം. ഷൂട്ടിങ്​​ തിരക്കുകൾ, കൂടുതൽ നല്ല വേഷങ്ങൾക്കായുള്ള അന്വേഷണങ്ങൾ, വർഷങ്ങൾ കടന്നുപോയത്​ അറിഞ്ഞില്ല. വയസ്സ്​​ 30 ആയി. ചെന്നൈയിൽനിന്നും മടങ്ങിപ്പോരണമെന്നും വിവാഹം കഴിക്കണമെന്നും വീട്ടിൽനിന്ന് സമ്മർദമായി, കല്യാണം ഇപ്പോൾ വേണ്ടെന്ന്​ പവിത്രനും. കുറച്ചുകൂടി ഉയർന്ന നിലയിൽ എത്തിയശേഷം മതി വിവാഹം എന്നായിരുന്നു നിലപാട്​. വീട്ടുകാർ വിട്ടുകൊടുത്തില്ല. അങ്ങനെ മനസ്സില്ലാ മനസ്സോടെ പവിത്രൻ ചെന്നൈയിൽനിന്ന് തിരിച്ചുപോന്നു. നാട്ടിലെത്തുന്നതിന്​ ഏതാനും മാസം മുമ്പാണ്​ വെള്ളാനകളുടെ നാട്​ റിലീസ്​ ആയത്​. ഈ സിനിമ പവിത്രന്​ നാട്ടിൽ വലിയ പ്രശസ്തി സമ്മാനിച്ചിരുന്നു. പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. വീട്ടുകാർ താൽപര്യമെടുത്ത്​ അന്വേഷിച്ചാണ്​ പെണ്ണ്​ കണ്ടുപിടിച്ചത്​. കോഴിക്കോട്ടുനിന്നും വയനാട്​ സുൽത്താൻ ബത്തേരിയിലേക്ക്​ കുടിയേറിയവരായിരുന്നു ഭാര്യ ഉഷയുടെ കുടുംബം. ഉഷയുടെ അച്ഛൻ മാധവന്​, സന്തോഷ്​ ടാക്കീസ്​ എന്ന പേരിൽ ബത്തേരിയിൽ സിനിമ തിയറ്റർ ഉണ്ടായിരുന്നു. പത്താം ക്ലാസ്​ കഴിഞ്ഞിരിക്കുകയായിരുന്ന ഉഷക്ക്​ കല്യാണ ആലോചനകൾ വന്നുതുടങ്ങിയിരുന്നു. ബത്തേരിയിലെ വീട്ടിൽവെച്ചാണ്​ ​പവിത്രൻ പെണ്ണ്​ കണ്ടത്​. പവിത്രന്​ ഉഷയെ ഇഷ്ടമായി, ഉഷക്കും കുടുംബത്തിനും പവിത്രനെയും. അങ്ങനെ വിവാഹം ഉറപ്പിച്ചു. വധൂഗൃഹത്തിൽവെച്ചായിരുന്നു താലിക്കെട്ട്​. വെള്ളാനകളുടെ നാട്, ബത്തേരിയിൽ റിലീസ്​ ചെയ്തത്​ സന്തോഷ്​ ടാക്കീസിൽ ആയിരുന്നു. അത്​ ആഴ്ചകളോളം ഓടിയശേഷമാണ്​ പവിത്രനുമായുള്ള ഉഷയുടെ വിവാഹാലോചനയും കല്യാണം ഉറപ്പിക്കലുമെല്ലാം ഉണ്ടായത്​. അതോടെ ഭാര്യയു​ടെ വീട്ടുകാർ വിതരണ കമ്പനിയായ തരംഗിണിയുമായി ബന്ധപ്പെട്ട്​ ഈ സിനിമയുടെ പ്രിന്‍റ്​ വീണ്ടും വരുത്തിച്ചു. പവിത്രൻ വില്ലൻ വേഷത്തിൽ തകർത്തഭിനയിച്ച ഈ സിനിമ ടാക്കീസിൽ ഇട്ട്​ അവർ ഒന്നുകൂടി കണ്ടു. വിവാഹത്തിനുശേഷം ചെന്നൈയിലേക്ക്​ മടങ്ങിപ്പോകാൻ തോന്നിയില്ല. അന്നുവ​രെ ചെന്നൈ കേന്ദ്രീകരിച്ചിരുന്ന മലയാള സിനിമ കേരളത്തിലേക്ക്​ കൂടുമാറി തുടങ്ങിയ കാലമായിരുന്നു. അതുമാത്രമല്ല, പവിത്രന്​ വളരെയേറെ അടുപ്പമുള്ള സംവിധായകൻ പ്രിയദർശൻ, മലയാള ഫിലിം വിട്ട്​ ഹിന്ദി സിനിമകളിലേക്കും പരസ്യത്തിലേക്കുമെല്ലാം ചുവടുമാറ്റിയതും ചെന്നൈയിലേക്കുള്ള മടക്കത്തിന്​ മനസ്സുവരാതിരിക്കാൻ കാരണമാണ്​. കേരളത്തിൽതന്നെ കേന്ദ്രീകരിച്ച്​ അഭിനയം തുടരാമെന്നായിരുന്നു തീരുമാനം. എന്നാൽ, ആ തീരുമാനം പവിത്ര​ന്​ തിരിച്ചടിയായി. കരിയർ ഗ്രാഫ്​ ചെറി​യതോതിൽ ഇടിഞ്ഞു. ചെന്നൈയിൽ കുറച്ചുകാലംകൂടി തുടരുകയാണ്​ വേണ്ടിയിരുന്നത്​. അവിടെനിന്നും വിട്ടുപോന്നതുമൂലം പഴയപോലെയുള്ള അവസരങ്ങൾ കിട്ടിയില്ല, അങ്ങനെയാണ്​ സിനിമയോടൊപ്പം ടെലി സീരിയലുകളിലും അഭിനയിച്ചുതുടങ്ങിയത്. മലയാളം വിനോദ ചാനലുകൾ പിറവിയെടുത്ത സമയമായതിനാൽ സീരിയലുകൾ ഒരു ട്രെൻഡ്​​ ആയി മാറിയിരുന്നു. സിനിമ നടൻ എന്ന പരിഗണനയും സീരിയലുകളിൽ പവിത്രന്​ ലഭിച്ചു. പ്രമുഖ ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്ത ​പ്രേ​ക്ഷക പ്രശംസ പിടിച്ചുപറ്റിയ പ്രധാന സീരിയലുകളിലെല്ലാം പവിത്രൻ അഭിനേതാവായി നിറഞ്ഞുനിന്നു. 9. വില്ലനും വിനീത്​ ശ്രീനിവാസനും കല്യാണം കഴിഞ്ഞു ബന്ധുവീടുകളിൽ വിരുന്നിന്​ പോകുന്ന സമയം, പവിത്രനെയും ഉഷയെയും നടൻ ശ്രീനിവാസൻ പാട്യ​ത്തെ വീട്ടിലേക്ക്​ ക്ഷണിച്ചു. വെള്ളാനകളുടെ നാട്​ റിലീസ്​ ചെയ്തിട്ട്​ അധികം ആയിട്ടില്ല. കേളകത്തുനിന്നും പാട്യത്തേക്ക്​ അരമണിക്കൂർ യാത്രയേയുള്ളൂ. അങ്ങനെ ശ്രീനിവാസൻ ഒരുക്കിയ ഗംഭീര വിരുന്നിൽ പവിത്രനും ഉഷയും പ​ങ്കെടുത്തു. എല്ലാം കഴിഞ്ഞ്​ യാത്ര പറഞ്ഞിറങ്ങി. വിനീത്​ ശ്രീനിവാസന്​ അന്ന്​ കഷ്ടിച്ച്​ അഞ്ച്​ വയസ്സേയുള്ളൂ. വിരുന്നു കഴിഞ്ഞശേഷം കുട്ടിയെ എവിടെ നോക്കിയിട്ടും കാണുന്നില്ല. എല്ലാവരും കൂടി തിരച്ചിലോട്​ തിരച്ചിൽ. ഒടുവിൽ കിണറി​ന്​ ചാരിയുള്ള പമ്പ്​ സെറ്റ്​ പുരയുടെ മറവിൽ ഒളിച്ച വിനീതിനെ കണ്ടെത്തി. അവനോട്​ എന്താണ്​ കാരണമെന്ന്​ തിരക്കി. വെള്ളാനകളുടെ നാട്​ സിനിമ അവൻ കണ്ടിരുന്നു. അതിൽ അച്ഛൻ ശ്രീനിവാസനെ, വില്ലനായ പവിത്രൻ കൊല്ലുന്ന ഒരു രംഗമുണ്ട്​. ആ സീൻ കുട്ടിയുടെ ഉള്ളിൽ ഭയാശങ്ക നിറച്ചിരിക്കുകയാണ്​. അതാണ്​ ഒളിച്ചിരിക്കാൻ കാരണം. സിനിമയിലെ കഥാപാത്രങ്ങൾ യഥാർഥ ജീവിതത്തിൽ സൃഷ്ടിക്കുന്ന സ്വാധീനത്തിന്​ തെളിവായി ശ്രീനിവാസൻ പല അഭിമുഖങ്ങളിലും ഈയൊരു സംഭവം ഉദാഹരിക്കാറുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.