സ്ഥാനാർത്ഥികൾ
വടക്കാഞ്ചേരി: മീനച്ചൂടിനെ പോലും വകവെക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് വടക്കാഞ്ചേരി മണ്ഡലം. മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ യു.ഡി.എഫും വൻ വോട്ടുമുന്നേറ്റം ലക്ഷ്യമിട്ട് എൻ.ഡി.എയും രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ ത്രികോണപ്പോര് ശക്തമായി. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ റോഡ് ഷോകളും ഗൃഹസന്ദർശനങ്ങളുമായി വോട്ടർമാരെ നേരിൽകണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മൂന്ന് മുന്നണി സ്ഥാനാർഥികളും പ്രവർത്തകരും.
അഞ്ചു വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞും തുടക്കം കുറിച്ചവയുടെ പൂർത്തീകരണത്തിനായി രണ്ടാംഊഴം തേടിയുമാണ് സി.പി.എം സ്ഥാനാർഥിയായ സേവ്യർ ചിറ്റിലപ്പിള്ളി ജനങ്ങളിലേക്കിറങ്ങുന്നത്. ആശുപത്രികളിലെ മികച്ച സംവിധാനങ്ങൾ, ഹൈടെക് സ്കൂളുകൾ, ജലസ്രോതസ്സുകളുടെ നവീകരണം, ദീർഘകാലം പൂട്ടിക്കിടന്നിരുന്ന സ്പിന്നിങ് മിൽ തുറന്നു പ്രവർത്തിപ്പിച്ചത് ഉൾപ്പെടെ വികസനരേഖയാണ് എൽ.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അനിൽ അക്കരയെ 15,168 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സേവ്യർ ചിറ്റിലപ്പിള്ളി പരാജയപ്പെടുത്തിയത് (സേവ്യർ ചിറ്റിലപ്പിള്ളി: 81,026, അനിൽ അക്കര: 65,858). എന്നാൽ, തുടർന്നുവന്ന പാർലമെൻറ്, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് വോട്ടുകളിൽ ഇടിവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ്, ആവണൂർ ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. കോലഴി, കൈപ്പറമ്പ്, തോളൂർ, അടാട്ട് ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫ് ഭരണത്തിലാണ്.
കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ വടക്കാഞ്ചേരി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഹൈക്കമാൻഡ് ഇടപെടലിലൂടെയാണ് യുവനേതാവ് പി.എൻ. വൈശാഖ് കന്നിയങ്കത്തിനിറങ്ങിയിരിക്കുന്നത്. ചരൽപ്പറമ്പിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം തടഞ്ഞ് പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം കോൺഗ്രസ് തകർത്തുവെന്ന എൽ.ഡി.എഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. മണ്ഡലത്തിൽ വികസന മുരടിപ്പാണെന്നും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികളേക്കാൾ നിർമാണോദ്ഘാടനങ്ങൾ മാത്രമാണ് കഴിഞ്ഞ അഞ്ചുവർഷം നടന്നതെന്നും യു.ഡി.എഫ് ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലുണ്ടായ മുന്നേറ്റം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. രാഹുൽ ഗാന്ധി ഉൾപ്പെടെ ദേശീയ നേതാക്കൾ വരുംദിവസങ്ങളിൽ വൈശാഖിന്റെ പ്രചാരണത്തിനായി എത്തിയേക്കും.
എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ഉല്ലാസ് ബാബുവും റോഡ് ഷോകളും കൺവെൻഷനുകളുമായി പ്രചാരണത്തിൽ സജീവമാണ്. വലതു-ഇടതു മുന്നണികളുടെ വർഗീയ കൂട്ടുകെട്ടും, സ്വർണക്കടത്ത് ഉൾപ്പെടെ വിവാദങ്ങളും മുൻനിർത്തിയാണ് എൻ.ഡി.എ വോട്ടഭ്യർഥിക്കുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പൊരുതുമ്പോൾ വടക്കാഞ്ചേരിയിലെ ജനവിധി പ്രവചനാതീതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.