അന്നംമുട്ടി സ്കൂൾ പാചകത്തൊഴിലാളികൾ

തൃശൂർ: കെ.എസ്.ആർ.ടി.സിക്കും കെ.എസ്.ഇ.ബിക്കും പിന്നാലെ സ്കൂൾ പാചകത്തൊഴിലാളികളും അസംതൃപ്തരാണ്. വിദ്യാഭ്യാസ വകുപ്പും തൊഴിൽ വകുപ്പും ഭരിക്കുന്ന മന്ത്രിക്കും രണ്ടാം പിണറായി സർക്കാറിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കും എതിരെ സമരമുഖത്താണവർ. തൊഴിൽ സുരക്ഷ, വേതനം, അശാസ്ത്രീയ തൊഴിലാളി വിന്യാസം, കടലാസിലൊതുങ്ങിയ മിനിമം കൂലി, ഉദ്യോഗസ്ഥ അപ്രമാദിത്വം അടക്കം നിരവധി പ്രശ്നങ്ങളാൽ വലയുകയാണ് പാചകത്തൊഴിലാളകിൾ.

കുട്ടികൾക്ക് ഒരുനേരത്തെ അന്നം നൽകുന്നവരുടെ അന്നം മുടങ്ങുന്ന നിലപാടാണ് സർക്കാറും സ്കൂൾ അധികൃതരും കൈക്കൊള്ളുന്നതെന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി. തൊഴിലാളി അനുകൂല സർക്കാറിന് ചേരാത്ത നടപടിക്ക് എതിരെ സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) അടക്കം പ്രതിഷേധത്തിലാണ്. അടുത്ത അധ്യയനവർഷം തുടങ്ങുംമുമ്പേ തങ്ങളുടെ കാര്യത്തിൽ അനുകൂല തീരുമാനം വേണമെന്ന ആവശ്യവുമായി ജില്ലയിൽ ആയിരത്തോളം തൊഴിലാളികൾ സമരമുഖത്താണ്.

മിനിമം കൂലി കടലാസിൽ മാത്രം

2016ൽ മിനിമം കൂലി വിജ്ഞാപനം വന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ആറുവർഷം കഴിഞ്ഞിട്ടും ചുവപ്പുനാടയിലായ വിജ്ഞാപനത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നേരത്തേ പ്രഖ്യാപിച്ച അടിസ്ഥാന വേതനവും ഡി.എയും സർവിസ് മുൻഗണനയും കാലോചിതമായി പരിഷ്കരിച്ച് മിനിമം കൂലി വിജ്ഞാപനം ഉടൻ നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതിനൊപ്പം ഇ.എസ്.ഐ, പ്രൊവിഡന്‍റ് ഫണ്ട്, വിരമിക്കുന്നവർക്ക് ആനുകൂല്യം അടക്കം ഏർപ്പെടുത്തുമെന്ന സർക്കാർ വാഗഗ്ദാനവും വെറുതെയായി.

അവധിക്കാല വേതനം എവിടെ

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ അവധിക്കാല വേതനം ഇതുവരെ നൽകിയിട്ടില്ല. ഒന്നാം പിണറായി സർക്കാറിന്‍റെ കാലം മുതൽ നൽകിയ 2000 രൂപയാണ് കഴിഞ്ഞ വർഷം മുതൽ നൽകാതിരിക്കുന്നത്. കഴിഞ്ഞ അവധിക്കാലത്ത് എപ്രിൽ, മേയ് മാസങ്ങളിൽ അതുകൊണ്ടുതന്നെ തൊഴിലാളികളുടെ അടുപ്പ് പുകയാൻ ഏറെ ബുദ്ധിമുട്ടി. ഇക്കുറി ഏപ്രിൽ പകുതി കഴിഞ്ഞിട്ടും നൽകിയിട്ടില്ല. കോവിഡ് മഹാമാരിക്കാലത്ത് സ്കൂളുകൾ അടച്ച 19 മാസം 1600 രൂപയാണ് സർക്കാർ ഇക്കൂട്ടർക്ക് അനുവദിച്ചത്. മറ്റു ജോലികൾ പോലും ലഭിക്കാതിരുന്ന ഈ കാലഘട്ടത്തിൽ വലിയ പ്രയാസത്തിലാണ് ജീവിതം തള്ളിനീക്കിയത്.

അശാസ്ത്രീയ തൊഴിലാളി വിന്യാസം

സർക്കാർ മാനദണ്ഡം അനുസരിച്ച് 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയാണ് വേണ്ടത്. 150 കുട്ടികൾക്ക് ഭക്ഷണം പാകംചെയ്ത് വിളമ്പി പാത്രങ്ങൾ കഴുകിവെക്കാൻ പോലും ഒരാൾക്ക് ഏറെ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും സർക്കാർ പറഞ്ഞത് അനുസരിച്ച് ഇത് ചെയ്യുകയാണ്. 150ന് അപ്പുറം 500 വരെ ഒരാളെ കൂലിക്ക് നിർത്തി ജോലി ചെയ്താൽ ലഭിക്കുന്ന ദിവസവേതനത്തിന്‍റെ പകുതി അയാൾക്ക് നൽകേണ്ട സാഹചര്യമാണുള്ളത്. അഥവ നിലവിൽ ലഭിക്കുന്ന 600ൽനിന്ന് 300 രൂപ സഹായിക്ക് നൽകേണ്ടി വരും. പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ആകർഷിക്കപ്പെടുന്ന വേളയിൽ ചുരക്കം കുട്ടികളുള്ള സ്കൂളുകൾ തുലോം കുറവാണ്. അതുകൊണ്ടുതന്നെ അധിക സ്കൂളുകളിലും സ്വന്തം വേതനം പകുത്ത് നൽകേണ്ട ഗതികേടിലാണ് തൊഴിലാളികളുള്ളത്.

തൊഴിൽ സുരക്ഷയില്ല

മാരക അസുഖം വന്ന് ചികിത്സക്കായി അവധിയിൽ പ്രവേശിച്ച് തിരിച്ചെത്തിയാൽ ജോലി നഷ്ടമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാള ഉപജില്ല പരിധിയിൽ മാരക അസുഖം വന്ന് ചികിത്സക്ക് ശേഷം ജോലിക്ക് എത്തിയ ആളെ പിരിച്ചുവിട്ടു. ഇതിനായി അവധി എടുക്കാൻ അവകാശമില്ലെന്ന നിയമവിരുദ്ധ ഉത്തരവ് വരെ ഇറക്കി. മാസാദ്യം ലഭിക്കുന്ന വേതനം അവാസനത്തിൽ നൽകുന്ന സ്കൂൾ അധികൃതരുമുണ്ട്.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലേക്ക് ഇന്ന് മാർച്ച്

സംസ്ഥാന സ്കൂൾ പാചകത്തൊഴിലാളികളുടെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചകത്തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) വ്യാഴാഴ്ച തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ 11ന് എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുമെന്ന് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, ജില്ല സെക്രട്ടറി സി.കെ. ലതിക, പ്രസിഡന്‍റ് സി.യു. ശാന്ത, എക്സിക്യൂട്ടിവ് അംഗം ബാബു ചിങ്ങാരത്ത് എന്നിവർ അറിയിച്ചു.

Tags:    
News Summary - school cooks in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.