ചാലക്കുടി: വന്യമൃഗശല്യവും പരിസ്ഥിതിക വിഷയങ്ങളും പ്രധാന പ്രശ്നങ്ങളായ അതിരപ്പിള്ളി പഞ്ചായത്തിൽ വീറും വാശിയും നിറയുന്നു. ആകെ 5,500 ഓളം വോട്ടർമാരാണ് അതിരപ്പിള്ളിയിൽ ആര് ഭരിക്കണമെന്ന തീരുമാനമെടുക്കുക. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്കൊപ്പം 20 ട്വൻറിയും മത്സരരംഗത്തുണ്ട്. എൽ.ഡി.എഫ് മൂന്നാം ഭരണത്തിന് തയാറെടുക്കുന്നു. ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. എൻ.ഡി.എ നിലവിലുള്ള ഒരു സീറ്റ് ഉയർത്താനുള്ള പോരാട്ടത്തിലാണ്. എച്ച്.എം.എസ് നിലവിലുള്ള ഒരു സീറ്റ് നിലനിർത്താനും ശ്രമിക്കുന്നു.
അതിരപ്പിള്ളിയിൽ നേരത്തെ 13 വാർഡുകളുണ്ടായിരുന്നത് 14 ആയി ഉയർന്നു. വാർഡുകളുടെ പുനർവിഭജനം ചിലയിടങ്ങളിൽ മുന്നണികളുടെ കണക്കുകൂട്ടലിൽ ആശങ്ക സൃഷ്ടിക്കുന്നു. യു.ഡി.എഫ് പലയിടങ്ങളിലും വിമത ഭീഷണി നേരിടുന്നു. ഒന്നാം വാർഡ് തുമ്പൂർമുഴിയിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ബേബി. കെ. തോമസാണ് കോൺഗ്രസ് സ്ഥാനാർഥി. അദ്ദേഹത്തിനെതിരെ മുൻ മണ്ഡലം പ്രസിഡൻറ് ജോർജ് വെണ്ണാട്ടുപറമ്പിൽ, സെബാസ്റ്റ്യൻ ജോൺ എന്നിവർ രംഗത്തുണ്ട്. പി.എ. ജോയിയാണ് ഇടതുപക്ഷ സ്ഥാനാർഥി. കെ.എൻ. ശശിയാണ് എൻ.ഡി.എ സ്ഥാനാർഥി.
വാർഡ് രണ്ട് വെട്ടിക്കുഴിയിൽ നാല് മുന്നണികളുടെയും സ്ഥാനാർഥികളുണ്ട്. വാർഡ് മൂന്ന് വെട്ടിക്കുഴിയിൽ അപരന്മാരും വിമതന്മാരുമായി ഏഴ് സ്ഥാനാർഥികളുണ്ട്. മുൻ പ്രസിഡൻ്റായ കോൺഗ്രസിലെ മുരളി ചക്കന്തറക്ക് വിമതനായി സാൻ്റോ രംഗത്തുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി ഉണ്ണികൃഷ്ണൻ പാലപ്പെട്ടിക്ക് അപരനായി ഉണ്ണികൃഷ്ണൻ താമരശ്ശേരിയുണ്ട്. വാർഡ് ആറ് വെറ്റിലപ്പാറയിൽ നാല് മുന്നണികളും വാശിയോടെ പൊരുതുന്നു. എൻ.ഡി.എ സ്ഥാനാർഥി ജയിച്ച വാർഡാണിത്. ഇവിടെ മേൽക്കൈ നേടാൻ കോൺഗ്രസിലെ ജോണി കല്ലേലി ശ്രമിക്കുന്നു. എൻ.ഡി.എ സ്ഥാനാർഥി അശോകൻ കൈതവളപ്പിലും എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് മാളിയേക്കലുമാണ്.
വാർഡ് എട്ട് അതിരപ്പള്ളിയിൽ മൂന്ന് മുന്നണികളാണ് രംഗത്തുള്ളത്. സി.ഡി.എസ് ചെയർപേഴ്സനായ രമ്യ ബിനുവാണ് എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് സ്ഥാനാർഥിയായി ബിബിത വാഴച്ചാലും എൻ.ഡി.എ സ്ഥാനാർഥിയായി മോഹിനി സുബ്രനും മത്സരിക്കുന്നു. മറ്റൊരു കടുത്ത മത്സരം നടക്കുന്നത് അഞ്ച് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന വാർഡ് 10 പെരുമ്പാറയിലാണ്. പെരുമ്പാറ ഊരുമൂപ്പൻ കെ.എം. മോഹനൻ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. ഒരു അപരൻ രംഗത്തുണ്ട്. കെ.എസ്. സതീഷ് കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫ് പശ്ചാത്തലമുള്ള റൂബിൻ ലാലും മത്സര രംഗത്തുണ്ട്.
സിമിൽ ഗോപിയാണ് എൻ.ഡി.എ സ്ഥാനാർഥി. സി.പി.ഐ സ്വാധീനമേഖലയായ വാർഡ് 11 ലും 12 ലും മൂന്ന് മുന്നണികളുടെ സ്ഥാനാർഥികൾ ഏറ്റുമുട്ടുന്നു. നിലവിൽ എച്ച്.എം.എസ് വിജയിച്ച വാർഡ് 13 നടുപെരട്ടയിൽ ഇത്തവണയും മൂന്ന് മുന്നണികളുടെ സ്ഥാനാർഥികൾ തമ്മിൽ മത്സരം കടുത്തതാണ്. ഭരണവിരുദ്ധ വികാരമുയർത്തി വിജയം നേടാനാണ് യു.ഡി.എഫ് ശ്രമം. വിമതരെ പുറത്താക്കി ആത്മവിശ്വാസത്തോടെയാണ് അവരുടെ നീക്കം. അതേ സമയം വന്യമൃഗശല്യം ഒഴിവാക്കാൻ സൗരോർജ വേലി നിർമ്മിച്ചതിന്റെയും സംസ്ഥാനത്ത് ആദ്യമായി പി.ആർ.ടി ടീമിനെ നിയമിച്ചതിന്റെയും അടിച്ചിൽ തൊട്ടി പോലെയുള്ള ഊരുകളിൽ വഴി നിർമിച്ചതിന്റെയും നേട്ടങ്ങൾ നിരത്തിയാണ് എൽ.ഡി.എഫ് പ്രചാരണം. കഴിഞ്ഞ തവണത്തെ ഭിന്നതകൾ നീങ്ങിയതിന്റെ ആത്മധൈര്യവും എൽ.ഡി.എഫിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.