മൂന്നാം ഊഴത്തിലും തുടരാൻ എല്‍.ഡി.എഫ്

പൂമംഗലം: മൂന്നാം ഊഴത്തിലും പൂമംഗലം പഞ്ചായത്തിന്റെ ഭരണം നിലനിര്‍ത്തുന്നതിന് എല്‍.ഡി.എഫും 10 വര്‍ഷം മുമ്പ് കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കുന്നതിന് യു.ഡി.എഫിന്റെയും, മാറിമാറിയുളള ഭരണം അവസാനിപ്പിക്കുന്നതിനുമായി ബി.ജെ.പിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൂമംഗലം പഞ്ചായത്തില്‍. ത്രികോണ മത്സരത്തിന്റെ എല്ലാ ഭാവവും തീവ്രതയും ശക്തമായി അലയടിക്കുന്നു.

13 വാര്‍ഡുകള്‍ ഉണ്ടായിരുന്ന പൂമംഗലം പഞ്ചായത്തില്‍ ഒരു വാര്‍ഡ് കൂടി 14 ആയിട്ടുണ്ട്. 2020ല്‍ 13 വാര്‍ഡുകളിലെ കക്ഷി നില എല്‍.ഡി.എഫ് ഏഴ്, യു.ഡി.എഫ് നാല്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ്. സാധാരണക്കാരും കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന പൂമംഗലത്തില്‍ ഏകദേശം 11,000 വോട്ടര്‍മാരാണ് ഉളളത്. 2020ലെ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് മുന്നണിയില്‍ സി.പി.ഐ ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല അവര്‍ തനിയെ അഞ്ചു വാര്‍ഡുകളില്‍ മത്സരിച്ചുവെങ്കിലും ഒരു വാര്‍ഡില്‍ നിന്നുപോലും അവര്‍ക്ക് വിജയിക്കാനും സാധിച്ചില്ല.

സി.പി.ഐ ഇല്ലാതിരുന്നിട്ടും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുവാന്‍ സി.പി.എമ്മിന് കഴിഞ്ഞു. എന്നാല്‍, ഈ തെരഞ്ഞടുപ്പില്‍ സി.പി.ഐയും അടങ്ങുന്ന എല്‍.ഡി.എഫ് ഉറച്ച ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ പത്തുവര്‍ഷമായി പഞ്ചായത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ പറഞ്ഞാണ് എല്‍.ഡി.എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് ഒന്നാം വാര്‍ഡില്‍നിന്ന് മത്സരിക്കുമ്പോള്‍ യു.ഡി.എഫിലെ നിഷ ലാലുവും ബി.ജെ.പിയിലെ സുമ സുബ്രഹ്‌മണ്യനും ശക്തരായി തന്നെ നിലകൊളളുന്നു.

പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എസ്. തമ്പി രണ്ടാം വാര്‍ഡിലാണ് മത്സരിക്കുന്നത്. വനിത സംവരണ വാര്‍ഡില്‍ യു.ഡി.എഫിലെ സ്മിത പ്രദീപും എല്‍.ഡി.എഫിലെ ഡാലിയ സതീഷും ബിജെ.പിയിലെ പി.പി. പ്രീതിയും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ജോസ് മൂഞ്ഞേലിയാണ് മത്സരിക്കുന്നത്. അവിടെ എല്‍.ഡി.എഫ് സ്ഥാനാർഥിയായി ഇ.അര്‍. വിനോദാണ് എതിര്‍ സ്ഥാനാർഥി. പൂമംഗലം ഉറ്റുനോക്കുന്ന മത്സരത്തിനാണ് കളം ഒരുങ്ങിയിട്ടുളളത്.

മറ്റൊരു ശ്രദ്ധേയമായ മത്സരം നടക്കുന്നത്‌ കോണ്‍ഗ്രസ് ബ്ലോക്ക സെക്രട്ടറി ടി.ആ.ര്‍ രാജേഷ് മത്സരിക്കുന്ന ആറാം വാര്‍ഡിലാണ്. അവിടെ എല്‍.ഡി.എഫിലെ സ്വതന്ത്ര സ്ഥാനാർഥി ജോയ്‌സ് ഊക്കനാണ് എതിരാളി. ബി.ജെ.പിയിലെ പാഴായിയും രംഗത്തുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയുമായ രഞ്ജിനി ടീച്ചര്‍ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു.

നിലവിലെ പഞ്ചായത്തംഗമായ യു.ഡി.എഫിലെ ജൂലി ജോയ് ഒമ്പതാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ സ്വതന്ത്ര സ്ഥാനാർഥി റീത്ത വിന്‍സെന്റ് കോലങ്കണ്ണിയുമായി മത്സരിക്കുന്നു. മറ്റൊരു ശ്രദ്ധേയമായ മത്സരം നടക്കുന്നത് 11ാം വാര്‍ഡിലാണ്. അവിടെ യു.ഡി.എഫിലെ ശ്രീജിത്ത് വൈലോപ്പിളളിയും എല്‍.ഡി.എഫിലെ രാജേഷ് തുമ്പരത്തിയും ബി.ജെ.പിയിലെ ധില്ലന്‍ അണ്ടിക്കോട്ടും തമ്മിലാണ് ത്രികോണ മത്സരമാണ് നടക്കുന്നത്.

Tags:    
News Summary - Poomangalam Panchayat local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT