പൊയ്യയിൽ മത്സരം പൊടിപാറും

മാള: തീരദേശ പഞ്ചായത്തായ പൊയ്യ കുടിവെള്ളക്ഷാമത്താൽ ദുരിതം പേറുന്ന പഞ്ചായത്താണ്. എവിടെ കുഴിച്ചാലും ഉപ്പുജലം എന്നതാണ് സ്ഥിതി. രണ്ടുതവണയായി എട്ടുവർഷം പഞ്ചായത്തിന്റെ നേതൃത്വം വഹിച്ച നിലവിലെ പ്രസി ഡന്റ് ഡെയ്സി തോമസ് കാലാവധി തീരുന്നതിനു മുമ്പ് പൊയ്യയുടെ ചരിത്രത്തിലെ നാഴികക്കല്ല് തീർത്താണ് പടിയിറങ്ങുന്നത്.

കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമായി ചാലക്കുടി പുഴയിൽനിന്ന് തൊട്ടടുത്ത പഞ്ചായത്തായ കൂഴൂരുമായി സഹകരിച്ച് കുടിവെള്ള പ്ലാന്റ് സ്ഥാപിച്ച് അവിടെനിന്ന് പൈപ്പുവഴി തീരദേശ മേഖലകളിൽ ദാഹജലം എത്തിക്കുക എന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. എന്നാൽ, പദ്ധതി പൂർത്തിയാകണമെങ്കിൽ ഇനിയൊരു അവസരം കൂടി ലഭിക്കേണ്ടതുണ്ട് എന്നതാണ് യു.ഡി.എഫിന്റെ വാദം.

നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ആണ് പൊയ്യ. അതേസമയം ശക്തമായി തിരിച്ചടിച്ച് എൽ.ഡി.എഫ് പ്രചാരണത്തിലുണ്ട്. ഇരുമുന്നണികളും പലതവണയായി മാറിമാറി ഭരിച്ച ചരിത്രമാണ് പൊയ്യക്കുള്ളത്.

വാർഡ് നാലിൽ യു.ഡി.എഫിന്റെ സ്ഥാനാർഥിക്ക് യു.ഡി.എഫ് വിമതൻ ഭീഷണിയായി മാറിയിട്ടുണ്ട്. മറ്റൊരു സ്വതന്ത്രസ്ഥാനാർത്ഥിയും യു.ഡി.എഫിന് ഭീഷണിയാണ്. യു.ഡി.എഫിന് സ്ഥിരം വിജയം സമ്മാനിക്കുന്ന വാർഡ് രണ്ടിൽ സുജാത വിജയനാണ് സ്ഥാനാർഥി. ഭർത്താവ് വിജയൻ സി.പി.എം പ്രവർത്തകനാണ്.

സി.പി.ഐയിലെ ആതിരയാണ് എതിർസ്ഥാനാർഥി. ബന്ധുക്കൾ തമ്മിലാണ് ഇവിടെ പോരാട്ടം. ബി.ജെ.പിയുടെ സന്ധ്യ രംഗത്ത് ഉണ്ടെങ്കിലും സ്വാധീനവും ചെലുത്താൻ ഈ വാർഡിൽ കഴിഞ്ഞിട്ടില്ല. അതേസമയം, ഇരട്ടപ്പടി, പൂപ്പത്തി ഈസ്റ്റ് എന്നീ വാർ ഡുകൾ ഇരുമുന്നണികൾക്കും ബി.ജെ.പി ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ രണ്ട് സീറ്റിൽനിന്ന് കൂടുതൽ സീറ്റുകളിലേക്ക് മുന്നേറും എന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച അനില സുനിൽ സി.പി.എമ്മിലേക്ക് മാറിയത് വൻ തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞതവണ നാലു സീറ്റുകളാണ് സി.പി.ഐക്ക് മത്സരിക്കാൻ വിട്ടുകൊടുത്തത്. ഒന്നിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഇത്തവണയും സി.പി.ഐ നാല് സീറ്റുകളിൽ തന്നെ മത്സരിക്കുന്നു. സി.പി.എം 10 സീറ്റിൽ നേരിട്ട് മത്സരിക്കുന്നു.

എൽ.ഡി.എഫ് പിന്തുണയോടെ രണ്ട് സ്ഥാനാർഥികൾ വേറെയും സ്വതന്ത്രരായുണ്ട്. യു.ഡി.എഫ് 15 സീറ്റിൽ നേരിട്ടും ഒരു സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകിയുമാണ് രംഗത്തുള്ളത്. 11 സ്വതന്ത്ര സ്ഥാനാർഥികളാണ് ഉള്ളത്.

15 വാർഡുകൾ ഉണ്ടായിരുന്ന പഞ്ചായത്തിൽ ഒരു വാർഡ് ആണ് വർധിച്ചത്. നിലവിൽ 16 വാർഡുകളിൽ 54 പേർ മത്സരിക്കുന്നു. ഇതിൽ 28 പുരുഷന്മാരും, 26 വനിതകളുമാണ്. ബി.ജെ.പി 13 വാർഡുകളിൽ മത്സരിക്കുന്നുണ്ട്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് വാർഡ് ആറ് പൂപ്പത്തി നോർത്തിലാണ് മാറ്റുരക്കുന്നത്. ഇവിടെ ഡെയ്സി എന്ന പേരിൽ തന്നെ ഒരു സ്വതന്ത്ര സ്ഥാനാർഥിയും രംഗത്തുണ്ട്. 

Tags:    
News Summary - Poyya local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT