ആമ്പല്ലൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി, അളഗപ്പനഗര്‍, തൃക്കൂര്‍, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളാണുള്ളത്. കിഴക്ക് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് ചേര്‍പ്പ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുകളും തെക്ക് ചാലക്കുടി നഗരസഭയും വടക്ക് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും അതിരിടുന്നു.
കഴിഞ്ഞ തവണ 15 ഡിവിഷനുകളില്‍ സി.പി.എം-9, സി.പി.ഐ-3, കോണ്‍ഗ്രസ്-3 എന്നിങ്ങനെയായിരുന്നു കക്ഷിനില. നിലവില്‍ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളില്‍ നാലിലും എല്‍.ഡി.എഫിനാണ് ഭരണം. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃക്കൂര്‍, കല്ലൂര്‍, സ്നേഹപുരം ഡിവിഷനുകള്‍ 2020 ല്‍ യു.ഡി.എഫിനോടൊപ്പം നിന്നു. മുപ്ലിയം, വരന്തരപ്പിള്ളി, കോടാലി, വെള്ളിക്കുളങ്ങര, മറ്റത്തൂര്‍, പേരാമ്പ്ര, കൊടകര, ആമ്പല്ലൂര്‍, പുതുക്കാട്, തലോര്‍, പാലപ്പിള്ളി, അളഗപ്പനഗര്‍ എന്നിവയാണ് എല്‍.ഡി.എഫിനെ തുണച്ച ഡിവിഷനുകള്‍. വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ ഇക്കുറി ഒരു ഡിവിഷന്‍ വർധിച്ചു.
ഡിവിഷന്‍ ആറ് വരന്തരപ്പിള്ളിയിലൊഴികെ മറ്റ് പതിനഞ്ച് ഡിവിഷനുകളിലും യു.ഡി.എഫ് കൈ ചിഹ്നത്തില്‍ മത്സരിക്കുന്നു. ഇവിടെ ഹനീഫ വലിയകത്ത് (ക്രിക്കറ്റ് ബാറ്റ്), ബിജു കുന്നേല്‍ (ബാറ്ററി ടോര്‍ച്ച്), ബിനോയ് ഞെരിഞ്ഞാംപ്പിള്ളി (അരിവാള്‍ ധാന്യക്കതിര്‍), ടി.എസ്. അനില്‍കുമാര്‍ (താമര) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. പത്ത് ഡിവിഷനുകളിൽ സി.പി.എം ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തില്‍ ജനവിധി തേടുന്നു. നാല് ഡിവിഷനില്‍ സി.പി.ഐ അരിവാൾ ധാന്യക്കതിർ അടയാളത്തിൽ മത്സരിക്കുന്നു. ഒരു ഡിവിഷനിൽ എല്‍.ഡി.എഫ് സ്വതന്ത്രയാണ്. പള്ളിക്കുന്ന് ഡിവിഷനിലാണ് എല്‍.ഡി.എഫ് സ്വതന്ത്ര ജിന്‍സി സിബി മെഴുകുതിരി അടയാളത്തില്‍ മത്സരിക്കുന്നത്.
റെജി ജോര്‍ജ് (കൈ), സവിത (താമര) എന്നിവരാണ് ഡിവിഷനിലെ മറ്റ് സ്ഥാനാര്‍ഥികള്‍. പതിനാറ് ഡിവിഷനിലും ബി.ജെ.പി താമര ചിഹ്നത്തില്‍ മത്സരരംഗത്തുണ്ട്. ഒമ്പത് വെള്ളിക്കുളങ്ങര ഡിവിഷനില്‍ ശക്തമായ മത്സരമാണ്. പ്രവീണ്‍ മാസ്റ്റർ (കൈ), ഷൈജു കാട്ടുങ്ങല്‍ (അരിവാള്‍ ധാന്യക്കതിര്‍), ഹിതേഷ് (താമര) എന്നിവരാണ് മത്സരിക്കുന്നത്.
മറ്റത്തൂര്‍ ഡിവിഷനില്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായ അശ്വതി വിബി (ചുറ്റിക അരിവാള്‍ നക്ഷത്രം) ജനവിധി തേടുന്നു. ആതിര സന്തോഷ് (താമര), പി.പി. സിന്ധു (കൈ) എന്നിവരാണ് എതിരാളികള്‍. ചിമ്മിനി ഡാമും ആദിവാസി ഉന്നതികളുമുള്‍പ്പെട്ട പാലപ്പിള്ളി ഡിവിഷനില്‍ തോട്ടം തൊഴിലാളികളുടെ വോട്ട് നിര്‍ണായകമാണ്. വി.എസ്. സജീര്‍ ബാബു (കൈ), അജയകുമാര്‍ (താമര), കെ.എസ്. ഫവാസ് (ചുറ്റിക അരിവാള്‍ നക്ഷത്രം) തുടങ്ങിയ സ്ഥാനാര്‍ഥികള്‍ ഈ ഡിവിഷനില്‍ പോരാടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.