കൊടകര: അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ അമ്പത് വാര്‍ഡുകളടങ്ങുന്നതാണ് ജില്ല പഞ്ചായത്ത് കൊടകര ഡിവിഷന്‍. ഇരുപത് വാര്‍ഡുകളുള്ള കൊടകര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പുതുക്കാട് പഞ്ചായത്തിലെ പത്തും മറ്റത്തൂര്‍, വരന്തരപ്പിളളി പഞ്ചായത്തുകളിലെ എട്ട് വീതവും മുരിയാട് പഞ്ചായത്തിലെ നാല് വാര്‍ഡുകളുമാണ് ഡിവിഷനിലുള്ളത്. ജില്ല പഞ്ചായത്ത് രൂപം കൊണ്ടത് മുതല്‍ 2020 വരെ പുതുക്കാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഡിവിഷൻ ഈ തെരഞ്ഞെടുപ്പു മുതല്‍ കൊടകര എന്നാക്കിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതോരം ചേര്‍ന്ന് നിന്ന ചരിത്രമാണ് ഡിവിഷനുള്ളത്. സി.പി.എമ്മിലെ കെ.ജെ. ഡിക്‌സന്‍ (എല്‍.ഡി.എഫ്), കേരള കോണ്‍ഗ്രസിലെ (ജേക്കബ്) യു.എസ്.വിഷ്ണു (യു.ഡി.എഫ്), ബി.ജെ.പിയിലെ അഡ്വ. പി.ജി. ജയന്‍ (എന്‍.ഡി.എ) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ആം ആദ്മി പാര്‍ട്ടിയിലെ പുഷ്പാകരന്‍ തോട്ടുംപുറവും സ്ഥാനാര്‍ഥിയാണ്. 2020ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സരിത രാജേഷ് 10,242 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഈ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ് -27,330, യു.ഡി.എഫ് 16,934, എന്‍.ഡി.എ- 15,803 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പുതുക്കാട് ഡിവിഷനില്‍ ഓരോ മുന്നണിക്കും ലഭിച്ച വോട്ടുകള്‍.
ജില്ല പഞ്ചായത്തില്‍ പുതുക്കാട് ഡിവിഷനെ പ്രതിനിധീകരിച്ചതിന്റെ പരിചയസമ്പത്തും വര്‍ഷങ്ങളുടെ പൊതുപ്രവര്‍ത്തന മികവും കൈമുതലാക്കിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം സ്വദേശിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ. ഡിക്‌സന്‍ ജനവിധി തേടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടിയ ഭൂരിപക്ഷത്തോടെ ഡിവിഷന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍.
ഡിവിഷന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലും യു.ഡി.എഫിന് നിര്‍ണായക ശക്തിയായതിനാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം മാറിമറിയുമെന്ന് യു.ഡി.എഫ് പറയുന്നു. ചിറക്കാക്കോട് സ്വദേശിയാണ് യു.എസ്. വിഷ്ണു. ബി.ജെ.പി സംസ്ഥാന സമിതി അംഗമായ മറ്റത്തൂര്‍ ചുങ്കാല്‍ സ്വദേശി അഡ്വ. പി.ജി. ജയന്‍ ഇത്തവണ എന്‍.ഡി.എക്ക് അനുകൂലമായി കൊടകര ഡിവിഷന്‍ വിധിയെഴുതുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.