പിടിതരാതെ മാള

മാള: 21 വാർഡുകളിലായി 92 സ്ഥാനാർഥികൾ അങ്കം കുറിക്കുന്ന മാള ഗ്രാമപഞ്ചായത്തിൽ ചിത്രം അത്ര വ്യക്തമല്ല. യു.ഡി.എഫും എൽ.ഡി.എഫും, ബി.ജെ.പിയും 21 സ്ഥാനാർത്ഥികളെ വീതം രംഗത്തിറക്കിയപ്പോൾ ട്വൻറി ട്വൻറി 18 സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. യു.ഡി.എഫ്- മൂന്ന്, എൽ.ഡി.എഫ്- ഒന്ന് എന്നിങ്ങനെ വിമതരുൾപ്പെടെ എട്ട് സ്വതന്ത്ര സ്ഥാനാർഥികളും ഗോദയിലുണ്ട്.

കുടിവെള്ളമാണ് മുഖ്യവിഷയം. പഞ്ചായത്തിനെ ചുറ്റി വരിഞ്ഞൊഴുകുന്ന മാള ചാലിൽ ഉപ്പ് കയറുന്നത്, ഹെക്ടർ കണക്കിന് കൃഷിക്ക് ഭീഷണിയായത് എന്നിവ പ്രചാരണവിഷയമായിക്കഴിഞ്ഞു. പുരാതന ജൂതതെരുവായി അറിയപ്പെടുന്ന മാളയിലെ സിനഗോഗ്, ശ്മശാനം എന്നിവയും വിഷയങ്ങളാണ്. മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടുകയും കെ.എസ്.ആർ.ടി.സി ഡിപ്പോ, മാള പഞ്ചായത്ത് ബസ് സ്റ്റാൻ്റ്, കെ. കരുണാകരൻ കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ നിരവധി വിഷയങ്ങൾ പ്രചാരണത്തിലുണ്ട്.

യു.ഡി.എഫിന്റെ മൂന്ന് സ്ഥാനാർഥികൾ വിമതരായപ്പോൾ എൽ.ഡി.എഫിനെ ഞെട്ടിച്ച് സി.പി.എം ലോക്കൽ സെക്രട്ടറി ടി.പി. രവീന്ദ്രൻ വിമതനായി. ഒരു പതിറ്റാ ണ്ടായി തുടരുന്ന എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കാൻ അവസാന അടവുകളുമായി യു.ഡി.എഫ് കളത്തിലുണ്ട്. അതേസമയം വികസന നേട്ടങ്ങളുമായി പ്രചാരണ രംഗത്ത് മുന്നേറുകയാണ് എൽ.ഡി.എഫ്. സി.പി.എമ്മിന്14 സ്ഥാനാർഥികളും, സി.പി.ഐയുടെ അഞ്ച് സ്ഥാനാർഥികളും ഒരു എൽ.ഡി.എഫ് സ്വതന്ത്രനും കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയും എൽ.ഡി.എഫിൽ രംഗത്തുണ്ട്. 20 സീറ്റുകളിൽ നേരിട്ടും ഒരു സ്വതന്ത്രനെ പിന്തുണച്ചും യു.ഡി.എഫും പോരാടുന്നു.

ശ്രദ്ധേയമത്സരം നടക്കുന്ന വാർഡ് ആറിൽ പരേതനായ സി.പി.എം നേതാവ് വാസുവേട്ടന്റെ മകൻ സുരേഷാണ് സ്ഥാനാർഥി. കഴിഞ്ഞതവണ 600 ലേറെ ഭൂരിപക്ഷത്തിന് വിജയിച്ച മുൻ പഞ്ചായത്ത് പ്രസിഡൻറും നിലവിൽ വൈസ് പ്രസിഡൻറുമായ ടി.പി. രവീന്ദ്രനാണ് പ്രധാന എതിരാളി. മുൻ പഞ്ചായത്തംഗം ടി.കെ. ജിനേഷിനെയാണ് യു.ഡി.എഫ് കളത്തിൽ ഇറക്കിയത്.

ബി.ജെ.പി പ്രസ്റ്റോവിനേയും ട്വൻറി 20 ജോയ് ചേരിയേക്കരയുമാണ് മത്സരിപ്പിക്കുന്നത്. എട്ട് സ്ഥാനാർഥികൾ കളത്തിലുള്ള 16 ടൗൺ വാർഡ് മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. ജോഷി കാഞ്ഞൂത്തറ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ആത്തപിള്ളി, മുൻ പഞ്ചായത്തംഗം അഡ്വ. ജി. കിഷോർകുമാർ എന്നിവർ യു.ഡി.എഫിന് തലവേദനയാവും. സി.പി.എം സ്ഥാനാർഥിയായി സലീം പള്ളിമുറ്റത്തെയാണ് മത്സരിപ്പിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ ഇ.കെ. അബ്ദുൽ ഖാദർ രംഗത്തുണ്ട്. വെൽഫെയർ പാർട്ടിയുടെ പ്രവർത്തനം ശ്രദ്ധേയമാണിവിടെ.

20 ട്വൻറി സ്ഥാനാർഥിയായി അധ്യാപിക ജിജി സ്വതന്ത്ര സ്ഥാനാർഥിയായും ഷജീർ കെ.ആർ എന്നിവരും മത്സര രംഗത്തുണ്ട്. ബി.ജെ.പിയുടെ യുവ സ്ഥാനാർഥി ജിനേഷും അങ്കം കുറിച്ചിട്ടുണ്ട്. വാർഡ് 15 ൽ നിലവിലെ അംഗം നിത ജോഷിയെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. സി.പി.എമ്മിലെ അധ്യാപിക രാജേശ്വരിയാണ് എതിർ സ്ഥാനാർഥി. വെൽഫെയർ പാർട്ടിയുടെ റസിയ വി.എസ് ഈ വാർഡിൽ മത്സരിക്കുന്നു.

ബി.ജെ.പിയുടെ മിജ സനീഷ്, 20 ട്വൻ്റിയുടെ മഞ്ജുഷ വേണു എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. വാർഡ് പതിനൊന്നിലാണ് മറ്റൊരു ശ്രദ്ധേയ മത്സരം നടക്കുന്നത്. യു.ഡി.എഫിലെ പഞ്ചായത്ത് അംഗം ജിയോ ജോർജ് കൊടിയനാണ് സ്ഥാനാർഥി. കൊടിയന് കടുത്ത ഭീഷണിയായി ജോഷി പെരെപാടൻ ഏറെ മുന്നിലെത്തിയിട്ടുണ്ട്. സി.പി.എം ടി.പി ബാലകൃഷ്ണനെ കളത്തിൽ ഇറക്കിയപ്പോൾ ബി.ജെ.പി ബാലനേയും, 20 ട്വൻറി ജോയ് ഇലഞ്ഞി ക്കൽ എന്നിവരെയും രംഗത്തിറക്കി.

Tags:    
News Summary - local body election in mala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.