തൃശൂർ: ദക്ഷിണ റെയിൽവേ ട്രെയിൻ സമയങ്ങളിൽ ഇടക്കിടെ മാറ്റംവരുത്തുമ്പോൾ തൃശൂരിൽനിന്നുള്ള നിർദേശങ്ങൾ അവഗണിക്കുന്നതായി പരാതി. രാവിലത്തെ 16127 ചെന്നൈ എഗ്മോർ -ഗുരുവായൂർ, വൈകീട്ടുള്ള 16307 ആലപ്പുഴ -കണ്ണൂർ, 22640 ആലപ്പുഴ -ചെന്നൈ എന്നീ എക്സ്പ്രസുകളുടെ സമയത്തിലാണ് ദിവസങ്ങൾക്കകം മാറ്റം വരുന്നത്.
മുൻകാലങ്ങളിൽ രാവിലെ അഞ്ചിന് ശേഷം തൃശൂർ വഴി കടന്നുപോയിരുന്ന ഷൊർണൂർ -എറണാകുളം പാസഞ്ചർ ഇപ്പോൾ 06017 ഷൊർണൂർ -എറണാകുളം മെമു എക്സ്പ്രസ് എന്ന പേരിൽ ഷൊർണൂരിൽനിന്ന് അതിരാവിലെ 3.30ന് പുറപ്പെട്ട് 4.20ന് തൃശൂർ കടന്ന് ആറ് കഴിയുമ്പോൾ എറണാകുളത്ത് എത്തുകയാണ്. ഈ സമയമാറ്റം മൂലം യാത്രക്കാർക്ക് പ്രയോജനമില്ലാതെ, ഏതാണ്ട് കാലിയായാണ് ട്രെയിൻ ഓടുന്നത്. ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന സമയം 4.30 ആക്കിയാൽ രാവിലെ നേരത്തേ എറണാകുളത്ത് എത്തേണ്ട നിരവധി പേർക്ക് പ്രയോജനപ്പെടും. വിവിധ മാർഗങ്ങളിലൂടെ നിരന്തരം ഉന്നയിച്ചിട്ടും നിർദേശം നടപ്പാക്കാൻ റെയിൽവേ തയാറായിട്ടില്ല.
16526 ബംഗളൂരു -കന്യാകുമാരി എക്സ്പ്രസിന്റെ സമയ മാറ്റമാണ് മറ്റൊന്ന്. നേരത്തേ രാവിലെ എട്ട് മണിയോടെ തൃശൂരിലെത്തി 10ഓടെ എറണാകുളത്ത് എത്തിയിരുന്ന ഈ ട്രെയിൻ ഇരിങ്ങാലക്കുട, ചാലക്കുടി, ആലുവ എന്നിവിടങ്ങളിൽ ഓഫിസിലെത്തേണ്ടവർക്ക് സൗകര്യമായിരുന്നു. എന്നാൽ, ഇതിന്റെയും സമയം നേരത്തേയാക്കി. രാവിലെ 5.23ന് തൃശൂർ കടക്കും. മാത്രമല്ല, അതോടെ തെക്കോട്ട് രാവിലെ 7.18നുള്ള 06439 ഗുരുവായൂർ -എറണാകുളം മെമു കഴിഞ്ഞാൽ പിന്നെയുള്ള സാധാരണ വണ്ടി 8.56നുള്ള 06797 പാലക്കാട് -എറണാകുളം മെമുവായി. ഇതിനിടയിൽ 8.15ന് ആഴ്ചയിൽ അഞ്ച് ദിവസമുള്ള 12081 കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി റിസർവേഷൻ യാത്രികർക്ക് മാത്രമുള്ളതാണ്. കന്യാകുമാരി എക്സ്പ്രസിന്റെ പഴയസമയത്ത് എറണാകുളത്തേക്ക് മറ്റൊരു ട്രെയിൻ ഓടിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ഇതിനിടെ, വൈകീട്ടത്തെ മടക്കയാത്രയും പ്രശ്നത്തിലേക്കാണ് നീങ്ങുന്നത്. നിലവിൽ 06798 എറണാകുളം -പാലക്കാട് മെമു (എറണാകുളം വിടുന്ന സമയം 14.45), 16382 കന്യാകുമാരി -പുണെ (15.10), 16307 ആലപ്പുഴ -കണ്ണൂർ (15.55), 12625 തിരുവനന്തപുരം -ഡൽഹി കേരള (16.30), വ്യത്യസ്ത ദിവസങ്ങളിൽ ഓടുന്ന 12683/ 12778/ 22678/ 22643 (16.50/ 16.55/ 17.20) എന്നീ ട്രെയിനുകളും 22640 ആലപ്പുഴ -ചെന്നൈ (17.10), 06018 എറണാകുളം -ഷൊർണൂർ മെമു (17.35) എന്നിവയുമാണ് ഉച്ചമുതലുള്ള മടക്കയാത്രക്ക് സ്ഥിരം യാത്രികർ ആശ്രയിക്കുന്നവ. ഇതിൽ രണ്ടെണ്ണത്തിന്റെ സമയത്തിൽ മാറ്റം വരാൻ പോകുന്നത് യാത്രക്കാർ ആശങ്കയോടെയാണ് കാണുന്നത്. പുതിയ തീരുമാനമനുസരിച്ച് 22640 ചെന്നൈ സൂപ്പർ ഫാസ്റ്റ് 16.50നും 16307 കണ്ണൂർ എക്സ്പ്രസ് 17.20നുമാകും എറണാകുളം ജങ്ഷൻ വിടുന്നത്. അതോടെ 14.45ന് പാലക്കാട് മെമുവും 15.10ന് പുണെ എക്സ്പ്രസും കഴിഞ്ഞാൽ പിന്നെ വടക്കോട്ടുള്ള സാധാരണ വണ്ടി 17.20നുള്ള കണ്ണൂർ എക്സ്പ്രസായി മാറും. 15.55നുണ്ടായിരുന്ന ട്രെയിൻ സമയം മാറുന്നതിനാൽ അതിനെ ആശ്രയിച്ചിരുന്നവർക്ക് രണ്ട് മണിക്കൂർ വെറുതെ കാത്തിരിക്കേണ്ടിവരും. മാത്രമല്ല, ഇപ്പോഴത്തെപ്പോലെ കേരള എക്സ്പ്രസ് പതിവായി വൈകി വരുമ്പോൾ തുടർന്നുള്ള ചെന്നൈ, മറ്റുള്ള പ്രതിവാര ട്രെയിനുകൾ, കണ്ണൂർ, ഷൊർണൂർ തുടങ്ങിയവയുടെ ഓട്ടത്തെ ദോഷകരമായി ബാധിക്കും. നേത്രാവതിക്ക് ശേഷം മലബാറിലേക്കുള്ള വണ്ടിക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമെന്ന് മാത്രമല്ല കണ്ണൂരിൽ എത്തുന്നത് ഒരു മണിക്കൂറോളം വൈകി അർധരാത്രിയോടെ ആകുകയും ചെയ്യും.
അറ്റകുറ്റപ്പണികൾക്കുള്ള സ്ഥിരം ഇടവേളയുടെയും മറ്റും പേരിൽ സ്ഥിരം യാത്രികരുടെ ഏറ്റവും തിരക്കുള്ള രാവിലെയും വൈകീട്ടും ട്രെയിനുകൾ ഇല്ലാതിരിക്കുന്നതും ഉള്ളവയുടെ സമയം മാറ്റുന്നതും യാത്രക്കാരെ സാരമായി ബാധിക്കുമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. രാവിലെ 06017 ഷൊർണൂർ -എറണാകുളം മെമു സമയം മാറ്റുകയും എട്ട് മണിയോടെ തൃശൂർ വിടുന്ന തരത്തിൽ എറണാകുളം ഭാഗത്തേക്ക് ഒരു ട്രെയിൻ ഓടിക്കുകയും ചെയ്യുന്നതോടൊപ്പം ഉച്ചതിരിഞ്ഞ് നാലോടെ എറണാകുളത്തുനിന്ന് വടക്കോട്ട് ഒരു ട്രെയിൻ ഓടിക്കുകയും പിന്നീടുള്ള ട്രെയിനുകൾക്ക് തടസ്സം ഉണ്ടാക്കാത്ത തരത്തിൽ ഡൽഹിയിലേക്കുള്ള ‘കേരള’ കൃത്യസമയം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്ന് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം എം. ഗിരീശൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.