തൃശൂർ: തൃശൂരിന്റെ പെരുമയെ കടൽ കടത്തിയവയിൽ ഇടംനേടിയ തനത് കലാരൂപമായ പുലിക്കളി സംഘങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സർക്കാറിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടുകയും ഇതിനായി ടൂറിസം വകുപ്പ് തുക അനുവദിക്കുകയും ചെയ്തിരുന്ന തുച്ഛമായ വിഹിതം പോലും 2017 മുതൽ നിലച്ചിരിക്കുകയാണ്. രണ്ട് മുതൽ 25 വരെ ലക്ഷത്തിലധികം ചെലവ് വരുന്നതാണ് ഓരോ പുലിക്കളി സംഘങ്ങളും. മാസങ്ങൾ നീളുന്ന ഒരുക്കം.
പുലികളും വാദ്യവും നിശ്ചല ദൃശ്യവുമൊക്കെയായിട്ടാണ് ചെലവ്. പുലിവേഷമൊരുക്കാനുള്ള ചെലവ് വൻതോതിലാണ് ഉയർന്നത്. പെയിന്റിനും, ഇത് കഴുകിക്കളയാനുള്ള മണ്ണെണ്ണക്കും വില ഉയർന്നതും പുലിക്കളി സംഘങ്ങളെ ചെറുതായൊന്നുമല്ല കുരുക്കിലാക്കിയത്. നഷ്ടം സഹിച്ചും കടം വാങ്ങിയുമൊക്കെയായി പുലിക്കളിയോടുള്ള ഭ്രമത്തിൽ ദേശങ്ങൾ സജീവമായിരുന്നുവെങ്കിലും കടബാധ്യത പല പുലിക്കളി സംഘങ്ങളെയും ഫീൽഡ് ഔട്ട് ആക്കി. കുറച്ച് സംഘങ്ങൾ മാത്രമാണ് ഇപ്പോൾ പിടിച്ചുനിൽക്കുന്നത്.
പ്രളയകാലത്തും കോവിഡ് കാലത്തും പുലിക്കളിയടക്കമുള്ള ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലാത്തത് സാമ്പത്തിക ഇനത്തിൽ അൽപം ആശ്വാസമുണ്ടാക്കി. എന്നാൽ, രണ്ട് വർഷത്തെ ഇടവേളയിട്ടെത്തുന്ന ഓണാഘോഷത്തിനും പുലിക്കളി മഹോത്സവത്തിനും ഈ ആശ്വാസം പുതിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രളയവും കോവിഡിനും ശേഷം വ്യാപാര മേഖല എഴുന്നേൽക്കുന്നതേയുള്ളൂവെന്ന് കാണിച്ച് മുൻകാലങ്ങളിൽ സഹകരിച്ചിരുന്നവർ ഇത്തവണ ഒഴിവുകഴിവും പേരിലുമൊതുങ്ങിയിരിക്കുകയാണ്.
കടബാധ്യതയാവാറുള്ള പുലിക്കളി സംഘങ്ങൾക്ക് ആശ്വാസമാകുന്നതാണ് കോർപറേഷൻ വിഹിതവും ടൂറിസം വകുപ്പിൽ നിന്നുള്ള ധനസഹായവും. എന്നാൽ, ടൂറിസം വകുപ്പിൽനിന്ന് ലഭിച്ചിരുന്ന സാമ്പത്തിക സാഹായം നിലച്ചിട്ട് വർഷങ്ങൾ കഴിയുമ്പോഴും ഇതുവരെയും ഫണ്ട് ലഭ്യമാക്കാനുള്ള ഇടപെടൽ ഒരിടത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്നു. പുലിക്കളിയും പുലികൊട്ടും വർണ ശബളങ്ങളായ ടാബ്ലോകളുമെല്ലാമൊരുക്കി ലക്ഷങ്ങൾ ചെലവഴിച്ച് ആഘോഷലഹരിയിലാക്കുന്ന ടീമുകൾക്ക് പുലിക്കളി കഴിയുമ്പോൾ ബാക്കിയാവുന്നത് വൻ ബാധ്യതയാണ്.
മുൻകാലങ്ങളിൽ 15ഓളം ടീമുകളുണ്ടായിരുന്നത് സമീപകാലത്ത് 10ലും താഴെയെത്തി. ഈ വർഷം ഇതുവരെയായി രജിസ്റ്റർ ചെയ്തത് വെറും മൂന്ന് ടീമുകൾ മാത്രമാണ്. നേരത്തേ പുലിക്കളി ഏകോപന സമിതി എന്ന സംവിധാനം ഉണ്ടായിരുന്നു. സമിതിക്കെതിരെ ആക്ഷേപങ്ങളുയരുകയും പരാതികളുയരുകയും ചെയ്തതോടെ പുലിക്കളി നടത്തിപ്പ് ചുമതല കോർപറേഷൻ ഏറ്റെടുത്തു. തുക അനുവദിക്കുന്നതിനൊപ്പം ടൂറിസം വകുപ്പിൽ നിന്നുള്ള സഹായം ലഭിക്കാൻ ഇടപെടേണ്ടതും കോർപറേഷനാണ്. എന്നാൽ, ഇതുവരെയും അപേക്ഷ എത്തിയിട്ടില്ലെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്.
മുൻവർഷങ്ങളിലെ ഫണ്ട് ലഭിക്കാത്തത് സംബന്ധിച്ച് പുലിക്കളി സംഘങ്ങൾ ടൂറിസം വകുപ്പിനെ സമീപിച്ചപ്പോൾ പുലിക്കളിക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് അറിയിച്ചതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.