തൃശൂർ: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത ആരോഗ്യ ശാസ്ത്ര കോഴ്സുകൾ നടത്തുന്ന നിരവധി സ്ഥാപനങ്ങൾ. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശത്തും അംഗീകാരമില്ലാത്ത ആയിരക്കണക്കിന് സ്ഥാപനങ്ങളിൽ പഠിച്ച് വിദ്യാർഥികൾ ഭാവി പാഴാക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യശാസ്ത്ര സർവകലാശാല അധികൃതർ. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി മെഡിക്കൽ, ആരോഗ്യശാസ്ത്ര കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും കോളജിന്റെയും കോഴ്സിന്റെയും നിയമസാധുതയും അംഗീകാരവും പരിശോധിച്ച ശേഷമേ പ്രവേശനം നേടാവൂവെന്ന് കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
കേരളത്തിൽ മെഡിക്കൽ, ഡെന്റൽ, നഴ്സിങ്, ഫാർമസി, അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദ കോഴ്സുകൾ നടത്താൻ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ അംഗീകാരവും അഫിലിയേഷനും നിർബന്ധമാണ്. എന്നാൽ, ആവശ്യമായ അംഗീകാരമില്ലാതെ നിരവധി സ്ഥാപനങ്ങൾ നഴ്സിങ്, അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദ-ഡിപ്ലോമ കോഴ്സുകൾ നടത്തുന്ന സാഹചര്യമുണ്ട്.
ബി.എസ്.സി നഴ്സിങ്, ജി.എൻ.എം, ഒപ്‌റ്റോമെട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, റേഡിയോളജി, ഓപറേഷൻ തിയറ്റർ ടെക്നോളജി, കാർഡിയാക് കെയർ ടെക്നോളജി തുടങ്ങി നിരവധി അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്സുകളിലേക്ക് ചില സ്ഥാപനങ്ങൾ നിയമപരമായ അംഗീകാരങ്ങൾ, അഫിലിയേഷൻ, കോഴ്സിന്റെ നിയമസാധുത എന്നിവ വെളിപ്പെടുത്താതെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ അവകാശവാദങ്ങൾ മാത്രം വിശ്വസിക്കാതെ, ബന്ധപ്പെട്ട സർവകലാശാലയുടെയും സ്റ്റാറ്റ്യൂട്ടറി കൗൺസിലുകളുടെയും അംഗീകാരം ഉറപ്പാക്കണം.
കേരളത്തിൽ ഓൺലൈൻ വഴിയോ കറസ്പോണ്ടൻസ് രീതിയിലോ മെഡിക്കൽ, ആരോഗ്യശാസ്ത്ര കോഴ്സുകൾക്ക് കേരള ആരോഗ്യ സർവകലാശാല അംഗീകാരം നൽകുന്നില്ല. പ്രത്യേകിച്ച് ഹോമിയോപ്പതിയിൽ കറസ്പോണ്ടൻസ് കോഴ്സുകൾ നിയമപരമായി അനുവദനീയമല്ല. ഇത്തരം അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ നേടിയവർക്ക് പ്രഫഷനൽ രജിസ്ട്രേഷൻ ലഭിക്കില്ല. അത്തരം യോഗ്യതയുടെ അടിസ്ഥാനത്തിൽ ചികിത്സ നടത്തുകയാണെങ്കിൽ അവരെ നിയമപരമായി വ്യാജ ചികിത്സകരായി കണക്കാക്കപ്പെടും.
അംഗീകാരമുള്ള നാച്ചുറോപ്പതി ഡിഗ്രി പ്രോഗ്രാമുകൾ ഒന്നും നിലവിൽ കേരളത്തിൽ നടത്തുന്നില്ല. വിദേശത്ത് എം.ബി.ബി.എസ് പഠിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും നീറ്റ് പരീക്ഷ വിജയിച്ചിരിക്കണം. പ്രവേശനം നേടുന്ന രാജ്യത്തെ മെഡിക്കൽ റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച കോഴ്സാണോയെന്നും പിന്നീട് ഇന്ത്യയിൽ ആ ബിരുദത്തിന് അംഗീകാരം ലഭിക്കുമോയെന്നും മുൻകൂട്ടി പരിശോധിക്കണം. വിദേശത്ത് എം.ബി.ബി.എസ് പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്നവർ നിലവിലെ ചട്ടങ്ങൾ പ്രകാരം എഫ്.എം.ജി പരീക്ഷ വിജയിക്കുകയും ഇന്ത്യയിൽ നിർബന്ധമായ ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കുകയും ചെയ്ത ശേഷമേ മെഡിക്കൽ രജിസ്ട്രേഷനും ചികിത്സ അനുമതിയും ലഭിക്കൂ.
മോഡേൺ മെഡിസിൻ, ഡെന്റൽ, ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, നഴ്സിങ്, ഫാർമസി, അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്സുകൾ എന്നിവക്ക് മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നവരും ബന്ധപ്പെട്ട സർവകലാശാലയുടെയും സ്റ്റാറ്റ്യൂട്ടറി കൗൺസിലുകളുടെയും അംഗീകാരം, സ്ഥാപനത്തിന്റെ നിയമസാധുത, കോഴ്സ് പൂർത്തിയാക്കിയാൽ പ്രഫഷനൽ രജിസ്ട്രേഷന് അർഹത ലഭിക്കുമോ എന്നീ കാര്യങ്ങൾ ഉറപ്പാക്കണമെന്ന് വൈസ് ചാൻസലർ നിർദേശിച്ചു.
വിദ്യാർഥികളുടെ ഭാവിയും തൊഴിൽ യോഗ്യതയും സംരക്ഷിക്കാൻ പ്രവേശനത്തിന് മുമ്പ് എല്ലാ അംഗീകാരങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. പരസ്യങ്ങളെയോ സ്ഥാപനങ്ങളുടെ അവകാശവാദങ്ങളെയോ മാത്രം ആശ്രയിക്കാതെ ബന്ധപ്പെട്ട സർവകലാശാലകളിലും റെഗുലേറ്ററി കൗൺസിലുകളിലും നിന്ന് വിവരങ്ങൾ ഉറപ്പാക്കിയ ശേഷമേ പ്രവേശനം നേടാവൂവെന്നും ഡോ. മോഹനൻ കുന്നുമ്മൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.