ആമ്പല്ലൂർ: പാലിയേക്കര മേൽപ്പാലത്തിന് താഴെ 70കാരനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശി പ്രഭാകരൻ വേറെയും കേസുകളിൽ പ്രതിയെന്ന് പൊലീസ്. ധര്‍മപുരി പൊന്‍നഗരം സ്‌റ്റേഷന്‍ പരിധിയില്‍ ഒരാളെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റൊരാളെ ആയുധവുമായി ആക്രമിച്ച കേസിലും പ്രതിയാണ്.
തലവണിക്കരയില്‍ വാടകക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം കുട്ടനല്ലൂരിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു. തൃശൂർ റൂറല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ പാലിയേക്കര മേല്‍പ്പാലത്തിനുതാഴെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിരുന്നു. ചന്ദ്രന്‍ വര്‍ഷങ്ങളായി കുടുംബമുപേക്ഷിച്ച് പാലിയേക്കര മേല്‍പ്പാലത്തിനടിയിലാണ് തങ്ങുന്നത്. ആക്രി പെറുക്കി വിറ്റാണ് ചന്ദ്രനും പ്രതിയായ പ്രഭാകരനും ജീവിച്ചിരുന്നത്. പ്രഭാകരന്‍ ഒരാഴ്ചയായി ചന്ദ്രനോടൊപ്പമാണ് രാത്രിയില്‍ കഴിയുന്നത്. തിങ്കളാഴ്ച രാത്രി ഇവർ മേല്‍പ്പാലത്തിനടുത്തുള്ള കള്ളുഷാപ്പില്‍നിന്ന് കള്ള് കുടിച്ചിരുന്നു. തുടര്‍ന്ന് ബിവറേജസില്‍നിന്ന് ഇരുവരും ചേര്‍ന്ന് മദ്യം വാങ്ങുകയും വീണ്ടും മദ്യപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കത്തില്‍ ചന്ദ്രന്‍ പ്രതിയുടെ മാതാവിനെ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കരിങ്കല്ലും കോൺക്രീറ്റ് കഷണങ്ങള്‍ കൊണ്ടും എറിഞ്ഞും അടിച്ചുമായിരുന്നു കൊലപാതകം.
പൊലീസ് അന്വേഷണത്തില്‍ തലേദിവസം ചന്ദ്രനോടൊപ്പം കാലിൽ മുട്ടിന് താഴെയുള്ള മുറിവ് കെട്ടിവച്ച നിലയില്‍ ഒരാള്‍ ഉണ്ടായിരുന്നതായും അയാളെ ഇപ്പോള്‍ കാണാനില്ലായെന്നും വിവരം ലഭിച്ചു. തുടർന്നാണ് കുട്ടനെല്ലൂര്‍ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒരാള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് കുട്ടനെല്ലൂരിൽ എത്തിയ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.