തൃശൂർ: സംസ്ഥാനത്ത് സ്വകാര്യ സംരംഭകരുടെ ഉടമസ്ഥതയിൽ തൃശൂരിൽ ആരംഭിച്ച ആന സംരക്ഷണ കേന്ദ്രത്തിന് വനംവകുപ്പിന്‍റെ അനുമതിയില്ല. ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലം നൽകിയ വിവരാവകാശ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് വനംവകുപ്പ് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.
എരുമപ്പെട്ടി ചിറ്റണ്ടയിൽ എലിഫൻറ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അകമല വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 30 ഏക്കറിലാണ് ഈ വർഷം ജനുവരിയിൽ 'ഗണേഷ് ഫോർട്ട്' ആന സംരക്ഷണ പരിപാലന ചികിത്സ കേന്ദ്രം ആരംഭിച്ചത്.
ആനകളുടെ സംരക്ഷണത്തിനും ചികിത്സക്കും പുറമേ പ്രകൃതി ആവാസ വ്യവസ്ഥയോട് ഇണങ്ങി ആനകൾക്ക് ജീവിക്കാനുള്ള സൗകര്യം, മ്യൂസിയം, ലൈബ്രറി, പാപ്പാന്മാർക്കും ഉടമകൾക്കുമായി പരിശീലനകേന്ദ്രം തുടങ്ങിയവയാണ് ഗണേഷ് ഫോർട്ടിലൂടെ ട്രസ്റ്റിന്‍റെ പദ്ധതി.
ആന സംരക്ഷണ കേന്ദ്രത്തിന് വനംവകുപ്പ് ഓഫിസിൽനിന്ന് അനുമതി നൽകിയിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. വിവിധ ദേവസ്വങ്ങൾ നടത്തുന്നതുപോലുള്ള ആന ക്യാമ്പുകൾ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും മറ്റു തരത്തിലുള്ള ഏതെങ്കിലും കേന്ദ്രം ആരംഭിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ മറുപടിയിൽ വ്യക്തമാക്കുന്നു.
വന്യജീവി വിഭാഗത്തിൽപെടുന്ന പക്ഷി മൃഗാദികളെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
അതേസമയം, ഒരു പ്രത്യേക സ്ഥലത്ത് ആനയെ ചികിത്സിക്കാൻ അനുമതി തേടേണ്ടതില്ലെന്ന് വനംവകുപ്പിന് നൽകിയ അപേക്ഷയിൽ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും സൂ അതോറിറ്റിയുടെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഗണേഷ് ഫോർട്ട് പ്രവർത്തിക്കുന്നതെന്നും ട്രസ്റ്റ് സെക്രട്ടറി ശശികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.